ഇത് പാലമോ, സ്മാരകമോ?
1376968
Saturday, December 9, 2023 1:59 AM IST
ആലങ്ങാട്: മേച്ചേരിപ്പള്ളം പാലം നിർമാണം ഇപ്പോഴും പ്രാരംഭഘട്ടത്തിൽ തന്നെ. നാലു വർഷമായി നിർമാണം നിലച്ച നിലയിലാണ് പാലം. നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി 2017 പകുതിയോടെയാണ് പദ്ധതിക്കു തുടക്കമിട്ടത്. എന്നാൽ പല കാരണങ്ങളാൽ നിർമാണം തുടങ്ങാൻ വീണ്ടും ഒന്നര വർഷം കൂടി കാത്തിരിക്കേണ്ടി വന്നു.
2019 ഫെബ്രുവരിയിൽ വീണ്ടും നിർമാണം ആരംഭിച്ചെങ്കിലും ഇപ്പോഴും പകുതിപോലും ആവാതെ തുടരുകയാണ്. നടുക്കുള്ള മൂന്നു കോൺക്രീറ്റ് പില്ലറുകളും രണ്ടു ബീമും മാത്രമാണു നിർമിച്ചത്. ഇരുവശത്തേക്കുമുള്ള മറ്റു പില്ലറുകൾ, ബീമുകൾ, പാലത്തിന്റെ ഇരുഭാഗത്തുമായി ഒരു കിലോമീറ്ററോളം അപ്രോച്ച് റോഡ് തുടങ്ങിയ പ്രധാനപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ ഇനിയും നടക്കാനുണ്ട്.
ആലങ്ങാട് കൊടുവഴങ്ങ ഭാഗത്തുനിന്ന് കരുമാലൂർ പഞ്ചായത്ത് തട്ടാംപടി ഭാഗത്തേക്കാണു പാലം നിർമിക്കുന്നത്. പുതിയ പാലം യാഥാർഥ്യമായാൽ പരിഹരിക്കപ്പെടുന്നന്നത് പ്രദേശവാസികളുടെ യാത്രാ ദുരിതമാണ്. രണ്ടുകോടി രൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്.
കരാറുകാരന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വീഴ്ചയാണു പാലം നിർമാണം പാതിവഴിയിൽ നിലയ്ക്കാൻ കാരണമെന്നാണ് ആക്ഷേപം.