പൊന്നുരുന്നി ക്ലീനാക്കാന് തുമ്പൂര്‍മുഴി മോഡല്‍
1376965
Saturday, December 9, 2023 1:49 AM IST
കൊച്ചി: പൊന്നുരുന്നി ഡിവിഷനിലെ മുഴുവന്‍ മാലിന്യവും വാര്‍ഡില്‍ തന്നെ സംസ്കരിക്കുന്നതിന് സംവിധാനമൊരുങ്ങി. തുമ്പൂര്‍മുഴി മാതൃകയില്‍ തയാറാക്കിയിരിക്കുന്ന സംവിധാനം പ്രവര്‍ത്തന സജ്ജമാകുന്നതോടെ പ്രദേശത്തെ മാലിന്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും.
പൊന്നുരുന്നി മേല്‍പ്പാലത്തിന് സമീപം നാരായണനാശാന്‍ റോഡിനോടു ചേര്‍ന്ന് മേല്‍പ്പാലത്തിന് താഴെയായാണ് 30 തുന്നൂര്മുഴി മോഡല്‍ എയ്റോബിക് ടാങ്കുകള്‍ സ്ഥാപിച്ച് മാലിന്യ സംസ്കരണ സംവിധാനം ഒരുക്കിയിട്ടുള്ളത്.
മെഡിമിക്സിന്റെ സ്പോണ്സര്ഷിപ്പില് സ്ഥാപിച്ചിട്ടുള്ള ഈ സംവിധാനത്തില്‍ വാര്‍ഡില്‍ പ്രതിദിനം സൃഷ്ടിക്കപ്പെടുന്ന 1.2 ടണ്‍ മുതല്‍ 1.7 ടണ്‍ വരെയുള്ള ജൈവ മാലിന്യം കമ്പോസ്റ്റ് ചെയ്യുന്നതിനുള്ള കപ്പാസിറ്റിയുണ്ട്. വൃത്തിയാക്കിയ പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നതിന് അരികില്‍ എംസിഎഫും തയാറാക്കിയിട്ടുണ്ട്.
മാലിന്യ സംസ്കരണ സംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു. മേയര്‍ എം. അനില്‍കുമാര്‍, ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.