കാറിലുണ്ടായിരുന്നത് അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘം
1541590
Friday, April 11, 2025 12:44 AM IST
കാസര്‍ഗോഡ്: ആദൂര്‍ ബെള്ളിഗെയില്‍ എക്സൈസ് സംഘത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത് കുപ്രസിദ്ധ അന്തര്‍സംസ്ഥാന കവര്ച്ചക്കാരന് യാസിംഖാനും സംഘവുമെന്ന് സൂചന. പിടിയിലായ കാറില്‍ ആദൂര്‍ പോലീസ് നടത്തിയ പരിശോധനയില്‍ നാല് ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തി. ഇതില്‍ ഒന്ന് യാസിംഖാന്റേതാണ്. മറ്റു മൂന്നു കാര്‍ഡുകളില്‍ ഒന്ന് കര്‍ണാടക സ്വദേശിയുടേതും രണ്ടെണ്ണം മഹാരാഷ്ട്ര സ്വദേശികളുടേതുമാണ്. ബുധനാഴ്ച പുലര്‍ച്ചെ ആദൂര്‍ ചെക്ക് പോസ്റ്റു വഴി വന്ന കാറിനു
എക്സൈസിന്റെ മെമു ടീം കൈകാണിച്ചിരുന്നു. എന്നാല്‍ കാര്‍ നിര്‍ത്താതെ മുള്ളേരിയ ഭാഗത്തേക്ക് ഓടി. മയക്കുമരുന്നു കടത്തുസംഘമായിരിക്കാം എന്നു കരുതി എക്സൈസ് സംഘം കാറിനെ പിന്തുടര്ന്നു. ഇതോടെ കാര്‍ അമിതവേഗതയിലോടി മുള്ളേരിയ-ബദിയഡുക്ക കെഎസ്ടിപി റോഡിലേക്ക് കടന്നു. ഇതിനിടയില്‍ ബെള്ളിഗെയില്‍ എത്തിയപ്പോള്‍ നിയന്ത്രണം തെറ്റിയ കാര്‍ റോഡരികിലെ കോണ്‍ക്രീറ്റ് ഭിത്തിയിലിടിച്ചു ടയര്‍ പൊട്ടി.
എക്സൈസ് ഉദ്യോഗസ്ഥര്‍ എത്തുന്നതിനിടയില്‍ കാറില്‍ ഉണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. രണ്ടു പേരാണ് കാറിനകത്ത് ഉണ്ടായിരുന്നതെന്നാണ് എക്സൈസ് വ്യക്തമാക്കിയത്. എന്നാല്‍ നാലു ആധാര്‍ കാര്‍ഡുകള്‍ കണ്ടെടുത്തതോടെ കാറിനകത്തു കൂടുതല്‍ പേര് ഉണ്ടായിരുന്നു
വോയെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. എക്സൈസ് സംഘം കാറിനകത്തു നടത്തിയ പരിശോധനയില്‍ 140 ഗ്രാം സ്വര്‍ണം, 339 ഗ്രാം വെള്ളി, ഒരു ലക്ഷത്തിലധികം രൂപ, ചുറ്റിക, വാള്, തകര്‍ന്ന പൂട്ട്, ചങ്ങല എന്നിവ കണ്ടെടുത്തിരുന്നു. രക്ഷപ്പെട്ടത് കവര്ച്ചക്കാരായിരിക്കുമെന്ന സംശയത്തില്‍ കാറും തൊണ്ടിമുതലുകളും എക്സൈസ് അധികൃതര്‍ ആദൂര്‍ പോലീസിനു കൈമാറി.
കര്‍ണാടകയില്‍ എവിടെയെങ്കിലും കവര്‍ച്ച നടത്തിയ സംഘം മഹാരാഷ്ട്രയിലേക്ക് രക്ഷപ്പെടുന്നതിനിടയിലാണ് ബെള്ളിഗെയില്‍ അപകടത്തില്‍പ്പെട്ടതെന്ന് കരുതുന്നു.