പ്രതിക്ക് ജീവപര്യന്തവും അരലക്ഷം പിഴയും
1541289
Thursday, April 10, 2025 12:54 AM IST
തലശേരി: മാതാപിതാക്കളുടെ മുന്നിൽ മകനെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിക്ക് ജീവപര്യന്തവും അര ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. തിമിരി ചെക്കിച്ചേരിയിലെ കളമ്പുംകൊട്ട് വീട്ടിൽ ശരത്കുമാറിനെ (28) കൊലപ്പെടുത്തിയ കേസിലെ പ്രതിയും അയൽവാസിയായ പുത്തൻപുരക്കൽ ജോസ് ജോർജ് എന്ന കൊല്ലൻ ജോസിനെയാണ് (63) അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ടിറ്റി ജോർജ് ശിക്ഷിച്ചത്.
ലോറി ഡ്രൈവറായ ശരത് കുമാറിനെ മാതാപിതാക്കളായ രാജൻ, ശാന്ത എന്നിവരുടെ മുന്നിൽവച്ച് 2015 ജനുവരി ഒന്നിന് രാത്രി പത്തിനാണ് കൊലപ്പെടുത്തിയത്. പ്രതിയുടെ കിണറ്റിൽ നിന്നുമാണ് ശരത്കുമാറിന്റെ കുടുംബം വീട്ടാവശ്യത്തിനുള്ള വെള്ളമെടുത്തിരുന്നത്. സംഭവത്തിന്റെ തലേ ദിവസം വെള്ളമെടുക്കുന്നത് പ്രതി തടഞ്ഞു. ഇത് സംബന്ധിച്ചുണ്ടായ വാക്ക് തർക്കമാണ് കൊലയിൽ കലാശിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ജയശ്രീ ഹാജരായി.