നാല്പതാം വെള്ളി തീര്‍ഥാടനത്തിനായി കൂറ്റൻ കുരിശ് നിർമിച്ചു
1541610
Friday, April 11, 2025 1:37 AM IST
അരവഞ്ചാൽ: കുരിശിന്റെവഴി ശുശ്രൂഷകള്‍ക്കായി അരവഞ്ചാലില്‍ കൂറ്റന്‍ മരക്കുരിശ് ഒരുങ്ങുന്നു. അരവഞ്ചാല്‍ സെന്റ് ജോസഫ് ഇടവകയിലെ പിതൃവേദിയുടെ നേതൃത്വത്തിലാണ് നാല്പതാം വെള്ളി തീര്‍ഥാടനത്തിനും ദുഖവെള്ളിയാഴ്ചത്തെ കുരിശിന്റെ വഴി ശുശ്രൂഷയ്ക്കുമായി 16 അടി നീളത്തില്‍ തെങ്ങ് കൊണ്ട് നിര്‍മിച്ച കൂറ്റന്‍ കുരിശ് നിർമിക്കുന്നത്. തലശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള നാല്പതാം വെള്ളി തീര്‍ഥാടനത്തിന്റെ ഭാഗമായി ഇന്നു വൈകുന്നേരം പാടിയോട്ടുചാലില്‍ നിന്ന് ചെറുപുഴ സെന്റ് മേരീസ് നഗറിലേക്ക് ഈ കുരിശു ചുമന്നുകൊണ്ടാണ് അരവഞ്ചാല്‍ ഇടവകയിലെ വിശ്വാസികള്‍ പങ്കെടുക്കുന്നത്.
മൂന്നുകിലോമീറ്റര്‍ ദൂരം പിന്നിടുന്ന തീര്‍ഥാടനത്തില്‍ പിതൃവേദി അംഗങ്ങളായ 30 ഓളം പേര് ഊഴമിട്ട് കുരിശുവഹിക്കും. ദുഖവെള്ളിയാഴ്ച അരവഞ്ചാല്‍ സെന്റ് ജോസഫ്സ് പള്ളിയില്‍ നിന്ന് പുക്കല്‍ കുരിശടിയിലേക്കുള്ള കുരിശിന്റെ വഴി ശുശ്രൂഷയിലും മൂന്നു കിലോമീറ്റര്‍ ദൂരം ഇതേ കുരിശുവഹിച്ച് വിശ്വാസികള്‍ പങ്കുചേരും. ഇടവക വികാരി ഫാ. ജിബിന്‍ ജോര്‍ജ് മുണ്ടന്‍കുന്നേല്‍, പിതൃവേദി പ്രസിഡന്റ് ബിനോയ് കുര്യന് വെട്ടിക്കാട്ടില്‍ എന്നിവരുടെ നേതൃത്വത്തിലാണു കൂറ്റന്‍ കുരിശിന്റെ നിര്‍മാണം നടത്തിയത്. കൂറ്റന്‍ തെങ്ങ് മുറിച്ചെടുത്ത് 16 അടിയും എട്ട് അടിയും നീളമുളള രണ്ടു കഷണങ്ങള്‍ ചേര്‍ത്താണു കുരിശ് നിര്‍മിച്ചത്.