മത്സരിക്കാനാളില്ല; നിക്ഷേപകർ ആശങ്കയിൽ
1541591
Friday, April 11, 2025 12:45 AM IST
ഇരിട്ടി: സാന്പത്തിക ക്രമക്കേട് വിവാദത്തിലായ കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിന് തെരഞ്ഞെടുപ്പിലൂടെ പുതിയ ഭരണ സമിതി വരുമെന്ന നിക്ഷേപകരുടെ പ്രതീക്ഷയ്ക്കു മേൽ ആശങ്കയുടെ കാർമേഘം. സിപിഎം നിയന്ത്രണത്തിലായിരുന്ന ഭരണസമിതിയംഗങ്ങളും ജീവനക്കാരും ചേർന്ന് 15 കോടിയുടെ സാന്പത്തിക വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഭരണ സമിതി പിരിച്ച് സഹകരണ വകുപ്പ് വിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തുകയായിരുന്നു. തുടർന്ന് ഏപ്രിൽ 27ന് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചു. ഒൻപതു വരെയായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. എന്നാൽ നിശ്ചിത ദിവസത്തിനുള്ളിൽ ആരുംപത്രിക സമർപ്പിച്ചില്ല. ഇതോടെ ബാങ്കിന്റെ നിലനിൽപ്പ് അനിശ്ചിതത്വത്തിലായതിനൊപ്പം നിക്ഷേപകരുടെ ആശങ്കയും ഏറുകയാണ്.
60000 അംഗങ്ങളാണ് ബാങ്കിൽ ഉള്ളത്. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തുകായിരുന്നു. ജീവനക്കാരുടെ ശന്പളമുൾപ്പെടെയുള്ളവയിൽ കടുത്ത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. ബാങ്കിന്റെ നിക്ഷേപം തിരിച്ചു പിടിക്കാനുള്ള അഡ്മിനിസ്ട്രേറ്ററുടെ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്ന ശന്പളമുൾപ്പെയുള്ളവയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ കാര്യമായ സഹകരണം ലഭിക്കാതെ വന്നതോടെ പദ്ധതി പാളി.
അഡ്മിനിസ്ട്രേറ്ററുടെ കാലാവധി മേയ് 12 ന് അവസാനിക്കും
ബാങ്ക് ഭരണ സമിതിയെ പിരിച്ച് വിട്ട് സഹകരണ വകുപ്പ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ച അസി. രജിസ്ട്രാർ ജയശ്രീയുടെ കാലാവധി മേയ് 12 ഓടെ തീരും. ഇതോടെ ഭരണസമതിയും അഡ്മിനിസ്ട്രേറ്ററുമില്ലാത്ത അവസ്ഥയിലേക്കായിരിക്കും ബാങ്ക് നീങ്ങുക. വീണ്ടുംഒരു ഉത്തരവിലൂടെ അഡ്മിനിസ്ട്രേറ്ററുടെ കാലാവധി വീണ്ടും ആറുമാസത്തേക്ക് കൂടി വർധിപ്പിക്കുക അല്ലെങ്കിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി രൂപീകരിക്കുക എന്നതാണ് മുന്നിലുള്ള മാർഗങ്ങൾ. ഇതൊക്കെ ഏർപ്പെടുത്തിയാലും നിക്ഷേപ തുക തിരിച്ചുനൽകാൻ കഴിയാത്തവിധം സങ്കീർണ്ണമാണ് ബാങ്കിലെ പ്രശ്നങ്ങൾ. നിലവിൽ സാന്പത്തിക സ്ഥിതി പൂർണമായും തകർന്നു കിടക്കുന്ന ബാങ്കിൽ നിന്ന് തങ്ങളുടെ നിക്ഷേപം എങ്ങിനെ തിരിച്ചു കിട്ടുമെന്ന നിക്ഷേപകരുടെ ചോദ്യത്തിന് ആർക്കും ഉത്തരം നൽകാനാവാത്ത അവസ്ഥയാണ്.
അറബി ബ്രാഞ്ചിന്
പൂട്ട് വീണു
സാന്പത്തിക പ്രതിസന്ധി കാരണം ബാങ്കിന്റെ അറബി ശാഖ അടച്ചു പൂട്ടിയിരിക്കുകയാണ്. അഡ്മിനിസ്ട്രേറ്റീവ് ഭരണം നിലവിൽ വന്നതിന് ശേഷം ബാങ്കിന് നഷ്ടപെട്ട പണം തിരിച്ചുപിടിക്കനായുള്ള ശക്തമായ ശ്രമം നടത്തിയെങ്കിലും തിരിച്ചുപിടിക്കാൻ കഴിഞ്ഞത് 55 ലക്ഷത്തോളം രൂപ മാത്രമാണ് . അതിൽ കേസ് നടത്തിപ്പിന് ചെലവായ മൂന്ന് ലക്ഷവും ശമ്പളം ഉൾപ്പെടെയുള്ള ബാങ്കിന്റെ നടത്തിപ്പ് ചെലവുകളും കഴിച്ചുള്ളത് 40 ലക്ഷമാണ്. ഈ തുക ഏത് അനുപാതത്തിലാണ് നിക്ഷേപകർക്ക് തിരിച്ചുനൽകു എന്ന ആശങ്കയിലാണ് അഡ്മിനിസ്ട്രേറ്റർ.
സമാനമായി
മറ്റു തട്ടിപ്പും
കോളിത്തട്ട് ബാങ്കിലെ 15 കോടിയുടെ തട്ടിപ്പ് കൂടാതെ സമാനമായ തട്ടിപ്പ് സിപിഎമ്മിന്റെ തന്നെ നിയന്ത്രണത്തിലുള്ള ഉളിക്കലിലെ ഫാർമേഴ്സ് ആൻഡ് ലേബേർസ് വെൽഫെയർ സൊസൈറ്റിയിലും നടന്നാതായി ആരോപണമുണ്ട്. 500 ഓളം നിക്ഷേപകരുള്ള സൊസൈറ്റി കഴിഞ്ഞ ഒരുവർഷമായി അടഞ്ഞു കിടക്കുകയാണ്. സഹകരണ വകുപ്പിന്റെ ഓഡിറ്റിംഗ് അടക്കമുള്ള പരിശോധനക്ക് ഓഫീസ് തുറന്ന് നൽകണമെന്ന് നോട്ടീസ് അയച്ചിട്ടും തുറന്നു കൊടുത്തില്ല. താക്കോൽ നഷ്ടപ്പെട്ടെന്ന വിചിത്രമായ വിശദീകരണമാണ് ഇതിന് നൽകിയത്. സമഗ്ര ഓഡിറ്റ് നടത്തിയാൽ മാത്രമേ ക്രമക്കേടിന്റെ യഥാർഥ വിവരം പുറത്തു വരൂ എന്നാണ് അറിയുന്നത്. ഭരണ സ്വാധീനമുപയോഗിച്ച് എതിർപ്പുളെ ഇല്ലാതാക്കിയാതായും ആരോപണമുണ്ട്.