നാല്പതാം വെള്ളി ആചരണം
1541934
Saturday, April 12, 2025 1:49 AM IST
ലൂർദ്മാതാ ബസിലിക്കയിൽ
ചെമ്പേരി: ലൂർദ്മാതാ ബസിലിക്കയുടെ ആഭിമുഖ്യത്തിൽ ഇടവകാംഗങ്ങൾ നാല്പതാം വെള്ളി ആചരിച്ചു. രാവിലെ 4.30ന് വിശുദ്ധ കുർബാനക്കു ശേഷം അഞ്ചിന് ബസിലിക്കയിൽ നിന്ന് ആരംഭിച്ച കുരിശിന്റെ വഴിക്ക് ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാത്തിരക്കാട്ട് തുടക്കം കുറിച്ചു.
ബസിലിക്കയുടെ കീഴിലുള്ള പയറ്റുചാൽ, വളയംകുണ്ട്, വലിയപറമ്പ്, മണ്ണംകണ്ട്, പുറഞ്ഞാൺ എന്നീ കുരിശു പള്ളികളിലൂടെ ഏതാണ്ട് 25 കിലോമീറ്റർദൂരം വിശ്വാസ സമൂഹം യേശുവിന്റെ പീഡാസഹനത്തെക്കുറിച്ച് ധ്യാനിച്ചും പ്രാർഥിച്ചും കാൽനടയായി സഞ്ചരിച്ച് ചെമ്പേരി ബസലിക്കയിൽ തിരിച്ചെത്തി. തുടർന്ന് സമാപന പ്രാർഥനയോടും ആശീർവാദത്തോടുംകൂടി നാല്പതാം വെള്ളി ആചരണം സമാപിച്ചു.
രണ്ടായിരത്തോളം വിശ്വാസികൾ പങ്കെടുത്തു. ചടങ്ങുകൾക്ക് അസി. വികാരിമാരായ ഫാ. ജോസഫ് തുരുത്തേൽ, ഫാ. ജോസഫ് ചെറുകരക്കുന്നേൽ ഇടവകാ കോ-ഓർഡിനേറ്റർ സുനിൽ നായിപുരയിടത്തിൽ ട്രസ്റ്റിമാരായ ജോൺസൺ പുലിയുറുമ്പിൽ, ജോയി കൊച്ചുകാലായിൽ, ടോമി കിളിയംകുന്നേൽ, ജോഷി പരിയാരത്തുകുന്നേൽ സെക്രട്ടറി ജോസ് കാളിയാനിയിൽ കൂടാതെ പത്തു സോണുകളിലെ കൺവീനർമാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. 2011ൽ ഫാ. മാത്യു പാലമറ്റത്തിലിന്റെ കാലത്താണ് ചെന്പേരി ഇടവകയിലെ എല്ലാ കുരിശുപള്ളികളെയും ബന്ധിപ്പിച്ച് നാല്പതാം വെള്ളി ആചരണം ആരംഭിച്ചത്.
സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ
തിരുമേനി: തിരുമേനി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളി കുരിശിന്റെ വഴി തീർഥാടനം നടത്തി. തിരുമേനിയിൽ നിന്നും ചാത്തമംഗലം കുരിശടിയിലേയ്ക്കാണ് കുരിശിന്റെ വഴി നടത്തിയത്. തിരുമേനി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി വികാരി റവ.ഡോ. സാമുവൽ പുതുപ്പാടി, ചെറുപുഴ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളി വികാരി വർഗീസ് താന്നിക്കാക്കുഴി, തിരുമേനി സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ഡോൺ ബോസ്കോ പുറത്തേമുതുകാട്ടിൽ എന്നിവർ സന്ദേശം നൽകി.