ബിജെപി പ്രവർത്തകർ പുനഃസ്ഥാപിച്ച കൊടിമരം പോലീസ് നീക്കംചെയ്തു
1541293
Thursday, April 10, 2025 12:54 AM IST
പഴയങ്ങാടി: കണ്ണപുരം-ചൈനാ ക്ലേ റോഡിൽ പോലീസ് പിഴുതുമാറ്റിയതിനെ തുടർന്ന് ബിജെപി പ്രവർത്തകർ പുനഃസ്ഥാപിച്ച പാർട്ടി കൊടിമരം പോലീസ് നീക്കം ചെയ്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ സന്നാഹത്തോടെയായിരുന്നു പോലീസ് എത്തിയത്. ഇതോടൊപ്പം റോഡരികിലെ മറ്റ് രാഷ്ട്രീയ പാർട്ടികളുടെയും കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്തു. കണ്ണപുരം സിഐ ബാബുമോൻ, മയ്യിൽ സിഐ സഞ്ജയ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘത്തിന്റെ നേതൃത്വത്തിലാണ് കൊടിമരങ്ങളും തോരണങ്ങളും അഴിച്ചു മാറ്റിയത്. പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രവർത്തകർ കൊടിമരം വീണ്ടും
പുനഃസ്ഥാപിച്ചു
പഴയങ്ങാടി: നേരത്തെ പോലീസ് നീക്കം ചെയ്തതിനെ തുടർന്ന് ബിജെപി പ്രവർത്തകർ പുനഃസ്ഥാപിച്ച കൊടിമരം വീണ്ടും പോലീസ് നീക്കം ചെയ്തതിനു പിന്നാലെ പ്രവർത്തകർ പുനഃസ്ഥാപിച്ചു. കണ്ണപുരം ചൈനാക്ലേ റോഡിൽ കല്യാശേരി മണ്ഡലം ജനറൽ പ്രസിഡന്റ് സി.വി. സുമേഷിന്റെ നേതൃത്വത്തിലാണ് കൊടിമരം രണ്ടാമതും സ്ഥാപിച്ച് കൊടിയേറ്റിയത്.
നേതാക്കളായ കെ.വിജു ചെറുകുന്ന്, ജിജേഷ് അണ്ണാമല, രതീഷ് പൂക്കോട്ടി, ഹരിദാസ് കവിണിശേരി, ശ്രീനിവാസൻ പുഞ്ചവയൽ, മനു കൃഷ്ണ സത്യൻ കരിക്കൻ, അർജുൻ മാവിലക്കണ്ടി യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അർജുൻ ദാസ് എന്നിവർ പങ്കെടുത്തു.