ലൈസൻസില്ലാതെ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ
1541284
Thursday, April 10, 2025 12:54 AM IST
കണ്ണൂർ: ഡ്രൈവിംഗ് ലൈസൻസില്ലാതെ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെയും ലൈസൻസില്ലാതെ ജോലി ചെയ്ത കണ്ടക്ടറെയും മോട്ടോർവാഹന വകുപ്പ് പിടികൂടി ബസ് കസ്റ്റഡിയിലെടുത്തു. മുന്നു പെരിയയിൽ നടത്തിയ പരിശോധനയിൽ ചക്കരക്കൽ-തലശേരി റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരെയാണ് പിടികൂടിയത്.
കണ്ണൂർ ആർടിഒ ഇ.എസ്. ഉണ്ണികൃഷ്ണന്റെ നിർദേശാനുസരണം നടത്തിയ വാഹന പരിശോധയിലാണ് സംഭവം. പിടികൂടിയ ബസിന് 11,000 രൂപ പിഴ ചുമത്തുകയും ഫിറ്റ്നസ് റദ്ദാക്കുകയും ചെയ്തു. ലൈസൻസുകളില്ലാതെ പലരും സ്വകാര്യ ബസുകൾ ഓടിക്കുകയും കണ്ടക്ടർ ജോലി ചെയ്യുകയും ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധയിൽ 20 കേസുകൾ രജിസ്റ്റർ ചെയ്തു.55000 രൂപ പിഴ ഈടാക്കി. വാഹന പരിശോധനയിൽ എഎംവിഐമാരായ സജി ജോസഫ്, വരുൺ ദിവാകരൻ, അരുൺകുമാർ, രാഗേഷ് എന്നിവർ പങ്കെടുത്തു.
എഎംവിഐ ബസ് ഡ്രൈവറായി
കണ്ണൂർ: ലൈസൻസില്ലാതെ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർ പിടിയിലായപ്പോൾ യാത്രക്കാരെ പെരുവഴിയിലിറക്കി വിടാതെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥൻ ഡ്രൈവറായി. എഎംവിഐ സജി ജോസഫാണ് ബസ് ഡ്രൈവറുടെ ജോലി സ്വമേധയാ ഏറ്റെടുത്തത്. ചക്കരക്കല്ലിൽ നിന്ന് പെരളശേരി, മൂന്നു പെരിയ, പാറപ്പുറം, അണ്ടലൂർ, ബ്രണ്ണൻ കോളജ് വഴി തലശേരിയിലേക്കു പോകുന്ന ബസായിരുന്നു മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. ബസിൽ കൂടുതലായും പാറപ്രം വരെയുള്ള യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് സജി ജോസഫ് പാറപ്രം വരെ ബസ് ഓടിച്ച് യാത്രക്കാരെ ഇറക്കുകയായിരുന്നു. ഇതിനു ശേഷമാണ് ബസ് കസ്റ്റഡിയിലെടുത്ത് നടപടികൾ സ്വീകരിച്ചത്.