തലശേരി അതിരൂപത 40-ാം വെള്ളി തീർഥാടനം നാളെ ചെറുപുഴയിൽ
1541286
Thursday, April 10, 2025 12:54 AM IST
ചെറുപുഴ : തലശേരി അതിരൂപതയിലെ ചെറുപുഴ, തോമാപുരം, മേരിഗിരി എന്നീ ഫൊറോനകളിലെ ഇടവകകളുടെ പങ്കാളിത്തത്തോടെ വലിയ നോമ്പിന്റെ 40 ദിവസങ്ങൾ പിന്നിടുന്ന നാല്പതാം വെള്ളിയാഴ്ച ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലേക്ക് തീർഥാടനം നടത്തും. ഈ വർഷം മുതൽ തലശേരി അതിരൂപതയിൽ നാല്പതാം വെള്ളി കൂടുതൽ ദൈവജനത്തെ പങ്കെടുപ്പിച്ചുകൊണ്ട് തീർഥാടനമായിട്ടാണ് നടത്തുന്നത്.
നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വിവിധ കേന്ദ്രങ്ങളിൽനിന്ന് രക്ഷയുടെ അടയാളമായ വിശുദ്ധ കുരിശ് കൈകളിൽ വഹിച്ചുകൊണ്ട് കാൽനടയായാണ് തീർഥാടനം. തോമാപുരം ഫൊറോനയിലെ ഇടവകകളിൽ നിന്നുള്ള ആളുകൾ തോമാപുരം സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ സമ്മേളിക്കുകയും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടുകൂടി തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി പ്രാർത്ഥനകൾ ചൊല്ലി ചെറുപുഴയിലേക്ക് തീർഥാടനം ആരംഭിക്കും.
മേരിഗിരി ഫൊറോനയിലെ പള്ളികളിലെ തീർഥാടകർ പെരിങ്ങാല പള്ളിയിൽ സമ്മേളിച്ച് വൈകുന്നേരം നാലിന് ചെറുപുഴയിലേക്ക് തീർഥാടനമാരംഭിക്കും. താബോർ, തിരുമേനി എന്നീ ഇടവകകളിൽ നിന്നുള്ള തീർഥാടകർ മഞ്ഞക്കാട് വച്ച് മേരിഗിരിയിൽ നിന്ന് വരുന്ന തീർഥാടകരോടൊപ്പം ചേർന്ന് ചെറുപുഴയിലേക്ക് തീർഥാടനമായെത്തും.
പാലാവയൽ, തയ്യേനി, ജോസ്ഗിരി, രാജഗിരി, കോഴിച്ചാൽ, ചൂരപ്പടവ് എന്നീ ഇടവകകളിൽ നിന്നുള്ള തീർഥാടകർ പുളിങ്ങോം ഇടവകയിലെ തീർഥാടകരോടൊപ്പം ചെറുപുഴയിലേക്ക് എത്തും. അരവഞ്ചാൽ, പാടിച്ചാൽ എന്നീ ഇടവകകളിലെ തീർഥാടകർ ചെറുപുഴ പള്ളിയിലേക്ക് തീർഥാടനം നടത്തും.
വെള്ളിയാഴ്ച വൈകുന്നേരം 5.45 ന് ചെറുപുഴ ബസ്സ്റ്റാൻഡ് പരിസരത്ത് എത്തുന്ന തീർഥാടകർ ഒരുമിച്ച് ചെറുപുഴ ടൗണിലൂടെ വിശുദ്ധ കുരിശ് കൈകളിലേന്തി ചെറുപുഴ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലേക്ക് തീർഥാടനം നടത്തും. ചെറുപുഴ ടൗണിൽ യേശുവിന്റെ പീഡാനുഭവങ്ങളെ ചിത്രീകരിക്കുന്ന പ്ലോട്ടുകൾ തയാറാക്കിയിട്ടുണ്ട്. ഏഴിന് ചെറുപുഴ സെന്റ് മേരീസ് ദേവാലയത്തിന് സമീപത്തുള്ള ഗ്രൗണ്ടിൽ തീർഥാടകർ എത്തിച്ചേരും. തുടർന്ന് വിശുദ്ധ കുരിശിന്റെ വണക്കം. മാർ ജോസഫ് പാംപ്ലാനി നാല്പതാം വെള്ളിയുടെ സന്ദേശം നൽകും.
വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ എന്നിവരും ചെറുപുഴ ഫൊറോന വികാരി ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട്, തോമാപുരം ഫോറോന വികാരി ഫാ. മാണി മേൽവട്ടം, മേരിഗിരി ഫൊറോന വികാരി ഫാ. ഏബ്രഹാം മഠത്തിമ്യാലിൽ എന്നിവരുടേയും ചെറുപുഴ, മേരിഗിരി, തോമാപുരം എന്നീ ഫൊറോനകളിലെ ബഹുമാനപ്പെട്ട വൈദികരുടെയും നേതൃത്വത്തിലാണ് തീർഥാടനത്തിൽ വേണ്ട ക്രമീകരണങ്ങൾ നടക്കുന്നത്. മലയോരത്തെ പ്രധാന പട്ടണമായ ചെറുപുഴയിൽ ആയിരക്കണക്കിന് വിശ്വാസികളാണ് തീർഥാടനത്തിന് എത്തിച്ചേരും. വാഹനങ്ങൾ കുണ്ടംതടം ഭാഗത്തും പള്ളിയങ്കണത്തിലും പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്.
തീർഥാടനത്തിനായുള്ള അന്തിമഘട്ട ഒരുക്കങ്ങൾ അസിസ്റ്റന്റ് വികാരി ഫാ. ബോഡ്വിൻ അട്ടാറയ്ക്കൽ, കൈക്കാരന്മാരായ ജോയി പുൽത്തകിടിയേൽ, മാനുവൽ മാപ്പിളപ്പറമ്പിൽ, ജോളി കൈപ്പള്ളിപ്പാറ, പാപ്പച്ചൻ അതിരകുളങ്ങര, ഇടവക കോ-ഓർഡിനേറ്റർ ബിനോയി സോപാനം എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു. സൺഡേ സ്കൂൾ അധ്യാപകർ, കെസിവൈഎം, മാതൃവേദി, കത്തോലിക്കാ കോൺഗ്രസ് എന്നീ സംഘടനകളും പ്രവർത്തനങ്ങളിൽ സജീവമായുണ്ട്.