കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്കിന്റെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം നാളെ
1541936
Saturday, April 12, 2025 1:49 AM IST
കൂത്തുപറമ്പ്: കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്കിന്റെ നവീകരിച്ച ഓഡിറ്റോറിയം കോംപ്ലക്സ് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 24 വർഷം മുമ്പ് നിർമിച്ച ഓഡിറ്റോറിയവും ഡൈനിംഗ് ഹാളും നവീകരിച്ച് എയർകണ്ടീഷൻ സൗകര്യത്തോടെ മെയിൻ ഓഡിറ്റോറിയവും മറ്റൊരു ബാങ്ക്വറ്റ് ഹാളും ഡൈനിംഗ് ഹാളിന്റെയും നിർമാണവുമാണു പൂർത്തീകരിച്ചിരിക്കുന്നത്.
ഹെഡ് ഓഫീസിനു പുറമേ 14 ബ്രാഞ്ചുകളും ഓഡിറ്റോറിയം കോംപ്ലക്സും കൊമേഴ്സ്യൽ കോംപ്ലക്സും കോപ്പ്-ഹോം ലോഡ്ജുമാണു നിലവിൽ പ്രവർത്തിച്ചുവരുന്നത്. ഇതിനുപുറമേ ആധുനിക സൗകര്യത്തോടെയുള്ള പാചകശാലയും വിഐപി ലോഞ്ചും പുതിയ ലിഫ്റ്റും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും ഓപ്പൺ ഓഡിറ്റോറിയവും വിശാലമായ പാർക്കിംഗ് യാഡും സോളാർ പാനൽ ഉൾപ്പെടെ കോപ്ലക്സിൽ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ. ധനഞ്ജയൻ അധ്യക്ഷത വഹിക്കും. സെക്രട്ടറി എം. ദിലീപ് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ബാങ്ക്വറ്റ് ഹാളിന്റെ ഉദ്ഘാടനം കെ.കെ. ശൈലജ എംഎൽഎയും ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനം ഡോ. വി. ശിവദാസൻ എംപിയും ആധുനിക കിച്ചണിന്റെ ഉദ്ഘാടനം കെ.പി. മോഹനൻ എംഎൽഎയും വിഐപി ലോഞ്ചിന്റെ ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജനും സോളാർ പാനൽ ഉദ്ഘാടനം റെയ്ഡ്കോ മുൻ ചെയർമാൻ വത്സൻ പനോളിയും ലിഫ്റ്റിന്റെ ഉദ്ഘാടനം യുവജനക്ഷേമ ബോർഡംഗം വി.കെ. സനോജും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ വി. സുജാതയും നിർവഹിക്കും.
റെയ്ഡ്കോ ചെയർമാൻ എം. സുരേന്ദ്രൻ ഉപഹാര സമർപ്പണം നിർവഹിക്കും. ഉദ്ഘാടന ചടങ്ങിനുശേഷം വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ബാങ്ക് പ്രസിഡന്റ് കെ. ധനഞ്ജയൻ. സെക്രട്ടറി എം. ദിലീപ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി ടി. പവിത്രൻ, ഡയറക്ടർ കെ.എൻ. ഗോപി, ചീഫ് അക്കൗണ്ടന്റ് പി. രമേശൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.