ന്യായവിലയിലെ അപാകതയ്ക്കെതിരെ ഇന്ന് ആധാരമെഴുത്തുകാരുടെ ധർണ
1541589
Friday, April 11, 2025 12:44 AM IST
കാഞ്ഞങ്ങാട്: ഭൂമി രജിസ്ട്രേഷൻ നടത്തുമ്പോൾ ന്യായവിലയായി കാണിക്കേണ്ടത് സർവേ നമ്പറിലെ ഉയർന്ന വിലയായിരിക്കണമെന്ന അന്യായ വ്യവസ്ഥയ്ക്കെതിരെ കേരള സ്റ്റേറ്റ് ഡോക്യുമെന്റ് റൈറ്റേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് കാഞ്ഞങ്ങാട് ആർഡിഒ ഓഫീസിനു മുന്നിൽ ധർണ നടത്തും.
വാർഡ് അടിസ്ഥാനത്തിൽ ന്യായവില കണക്കാക്കാവുന്നതാണെന്ന 2010 ലെ സർക്കാർ വിജ്ഞാപനം മറികടന്നാണ് പുതിയ നിർദേശം വന്നതെന്ന് ആധാരമെഴുത്തുകാർ ചൂണ്ടിക്കാട്ടുന്നു. ഈ നിർദേശം വന്നതോടെ മലയോരമേഖലയിലെ ടൗണുകളിലും കുന്നിൻപുറങ്ങളിലുമെല്ലാം സ്ഥലത്തിന് ഒരേ വില കാണിക്കേണ്ട അവസ്ഥയാണ്. ടൗണുകളിലെ അതേ ന്യായവില തന്നെ കുന്നിൻപുറങ്ങളിലും ഉൾപ്രദേശങ്ങളിലുമെല്ലാം കാണിക്കേണ്ടിവന്നതോടെ മലയോരമേഖലയിൽ ഭൂമി രജിസ്ട്രേഷൻ കുത്തനെ കുറഞ്ഞതായി നേരത്തേ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
പ്രശ്നവുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കും ഐജിക്കും നിവേദനം നല്കിയിട്ടും പരിഹാര നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷസമരത്തിലേക്ക് കടക്കുന്നതെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. സിഐടിയു ജില്ലാ സെക്രട്ടറി വി.വി. രമേശൻ സമരം ഉദ്ഘാടനം ചെയ്യും. ഡോക്യുമെന്റ് റൈറ്റേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ബി.സത്യൻ മുഖ്യപ്രഭാഷണം നടത്തും.