ചെമ്പേരി ടൗണിലെ നടപ്പാതയിൽ വീണ്ടും അപകടക്കെണി
1541613
Friday, April 11, 2025 1:37 AM IST
ചെമ്പേരി: മലയോര ഹൈവേ കടന്നുപോകുന്ന ചെമ്പേരി ടൗണിലെ റോഡരികിലുള്ള നടപ്പാതയിൽ സ്ലാബ് തകർന്ന് വീണ്ടും അപകടക്കെണിയായി. പതിറ്റാണ്ടുകൾക്ക് മുമ്പ് റോഡരികിലെ ഓവുചാലിന് മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ നിരത്തിയാണ് നടപ്പാത നിർമിച്ചിരുന്നത്. പിന്നീട് മലയോര ഹൈവേക്കു വേണ്ടി റോഡിൽ മെക്കാഡം ടാറിംഗ് നടത്തിയപ്പോൾ മിക്കയിടങ്ങളിലും നടപ്പാതയും റോഡും ഒരേ നിരപ്പിലായി മാറിയിരുന്നു.
ഇതേ തുടർന്ന് ഭാരം കയറ്റിയ വാഹനങ്ങൾ എതിരെ വരുന്ന വാഹനങ്ങളെ മറികടക്കുമ്പോൾ നടപ്പാതയുടെ സ്ലാബിൽ കയറുന്നതാണ് തകരാൻ കാരണമാകുന്നത്. ടൗണിലെ നടപ്പാതയിൽ പലയിടങ്ങളിലും ഇടയ്ക്കിടെ ഇത്തരത്തിൽ സ്ലാബുകൾ തകരുന്നത് പതിവായതിനാൽ കാൽനട യാത്രികർക്കും ചെറുകിട വാഹനങ്ങൾക്കും അപകടങ്ങൾക്കിടയാക്കുന്നുണ്ട്.
ടൗണിലെത്തുന്നവർക്ക് സുരക്ഷയൊരുക്കാൻ ചുമതലപ്പെട്ട പഞ്ചായത്ത് അധികൃതർ ഇക്കാര്യത്തിൽ ഉടൻ തന്നെ ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് ടൗണിലെ വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നു.