ആലക്കോട്-അരങ്ങം ബൈപ്പാസ് തകർന്നു: യാത്രാക്കാർ ദുരിതത്തിൽ
1541930
Saturday, April 12, 2025 1:49 AM IST
ആലക്കോട്: ആലക്കോട് മേഖലയിലെ പ്രധാന റോഡുകളിലൊന്നായ ആലക്കോട്-അരങ്ങം ബൈപ്പാസ് റോഡ് ടാറിംഗ് തകർന്നതോടെ യാത്രക്കാർ ദുരിതത്തിലായി. റോഡിന്റെ പല ഭാഗങ്ങളും തകർന്ന് ഗതാഗതയോഗ്യമല്ലാത്ത സ്ഥിതിയാണ്. നൂറുകണക്കിന് യാത്രക്കാരാണ് ദിനംപ്രതി ഈ റോഡിലൂടെ യാത്രചെയ്യുന്നത്.
നേരത്തെ പ്രധാനമന്ത്രി യോജന പദ്ധതിയിൽ ഉൾപ്പെടുത്തി മെക്കാഡം ടാറിംഗ് നടത്തിയ റോഡാണിത്. നിർമാണ കാലഘട്ടത്തിൽ തന്നെ റോഡ് പണിയിൽ അഴിമതി നടക്കുന്നതായി ആരോപിച്ച് നാട്ടുകാരും വിവിധ സംഘടനങ്ങളും രംഗത്ത് വന്നിരുന്നു. വിവിധ ആഘോഷ പരിപാടികളുടെ ഭാഗമായി ആലക്കോട് ടൗണിൽ ബ്ലോക്ക് വരുന്ന സമയങ്ങളിൽ ബസ് അടക്കമുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതും ഈ റോഡിലൂടെയാണ്.
രണ്ടുതവണ ലക്ഷങ്ങൾ ചിലവിട്ട് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും റോഡിന്റെ ശോചനീയാവസ്ഥക്ക് മാറ്റമുണ്ടായിട്ടില്ല. റോഡ് റീ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.