ആറളം പുനരധിവാസ മേഖലയിൽ സോളർ തൂക്കുവേലി നിർമാണം തുടങ്ങി
1541935
Saturday, April 12, 2025 1:49 AM IST
ഇരിട്ടി: ആറളത്ത് ആനമതിൽ പണി പൂർത്തീകരിക്കാൻ കാലതാമസം നേരിടുന്ന 5.2 കിലോമീറ്റർ ദൂരത്തിൽ സോളർ തൂക്കുവേലി നിർമാണം തുടങ്ങി. അനെർട്ടിന്റെ നേതൃത്വത്തിൽ രണ്ടു ഘട്ടങ്ങളിലായി 56 ലക്ഷം രൂപ ചെലവിലാണ് നിർമാണം. ആദ്യഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപയും ആറളം പഞ്ചായത്ത് വകയിരുത്തിയ 16 ലക്ഷം രൂപയും വിനിയോഗിച്ച് 3.6 കിലോമീറ്റർ ദൂരം നടത്തുന്ന പ്രവൃത്തിയാണ് ഇന്നലെ ആരംഭിച്ചത്.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ചുള്ള 1.6 കിലോമീറ്റർ പ്രവൃത്തിയും രണ്ടാംഘട്ടത്തിൽ നടപ്പാക്കും. ഒരു മാസത്തിനകം നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. വേലി വരുന്ന സ്ഥലത്ത് ആറു മീറ്റർ വീതിയിൽ അടിക്കാട് തെളിക്കൽ, 20 അടി ഉയരത്തിൽ വൃക്ഷത്തലപ്പുകൾ മുറിച്ചുമാറ്റൽ, തൂക്കുവേലി തൂണുകൾക്കുള്ള കുഴികൾ അടയാളപ്പെടുത്തൽ എന്നീ പണികൾ നടന്നു വരികയാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് വെള്ളി-ലീല ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിനെ തുടർന്നു മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന വിവിധ വകുപ്പ് മേധാവികളുടെയും ജനപ്രതിനിധികളുടെയും സർവകക്ഷി പ്രതിനിധികളുടെയും യോഗത്തിൽ ഉയർന്ന ആവശ്യം പരിഗണിച്ചാണ് സോളർ തൂക്കുവേലി നിർമാണം നടത്തുന്നത്. 10 കീലോമിറ്റർ ആനമതിൽ നിർമിക്കേണ്ടതിൽ ഏപ്രിൽ 30 നകം ആറു കിലോമീറ്റർ മാത്രമേ പൂർത്തീകരിക്കാനാകൂ എന്ന സാഹചര്യത്തിലാണ് ബാക്കി ദൂരം സോളർ തൂക്കുവേലി നിർമിക്കുന്നത്. നാച്വറൽ ഫെൻസിനാണ് സോളർ തൂക്കുവേലിയുടെ കരാർ.
സോളാർ വേലി തകർത്ത്
ആനകൾ എത്തുന്നു
ഒരു ഭാഗം സോളാർ തൂക്കുവേലി നിർമാണം ആരംഭിച്ചപ്പോൾ മറുഭാഗത്തു സോളാർ വേലി തകർത്ത് ആനകൾ പുനരധിവാസ മേഖലയിൽ എത്തുകയാണ്. പരിപ്പ്തോട്, കോട്ടപ്പാറ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം കാട്ടാനകൾ വലിയ മരങ്ങൾ മറിച്ചിട്ട് വേലി തകർത്താണ് ജനവാസ മേഖലയിലെത്തിയത്. ഫാം പുനരധിവാസ മേഖലയിൽ നിന്നും തുരത്തിയ ആനകളാണ് വേലി തകർത്തുകൊണ്ട് തിരികെ എത്തുന്നത്. ആനകളെ തടഞ്ഞു നിർത്താൻ ആനമതിലിന്റെ നിർമാണം അടിയന്തരമായി പൂർത്തീകരിക്കേണ്ടതുണ്ട്.