യുവാക്കൾ കൃഷിയെ ലാഭമുള്ള ഉപജീവന മാർഗമാക്കി മാറ്റിയെടുക്കണം: വിജൂ കൃഷ്ണൻ
1541596
Friday, April 11, 2025 12:45 AM IST
കണ്ണൂര്‍: കൃഷിയെ ലാഭമുള്ള ഉപജീവന മാർഗമായി മാറ്റിയെടുക്കാൻ യുവതലമുറ താത്പര്യം കാട്ടണമെന്ന് അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ. ഇതിനായി പുതിയ കാർഷിക രീതികൾ അവലംബിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള കർഷകസംഘം കണ്ണൂർ നായനാർ അക്കാദമിയിൽ സംഘടിപ്പിച്ച സംസ്ഥാന യുവ കർഷക കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വിജൂ കൃഷ്ണൻ. നവ ഉദാരവല്‍ക്കരണ നയങ്ങളാണ് കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കിയത്. പ്രതിസന്ധി കാരണം പത്തു ലക്ഷം കർഷകർ ആത്മഹത്യ ചെയതെന്നാണ് ഔദ്യോഗിക കണക്ക്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൻകിട കോർപറേറ്റ് കന്പനികൾ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്പോൾ സാധാരണ കർഷകർക്ക് നിലനിൽപ്പില്ലാത്ത അവസ്ഥയാണ്. എന്നാൽ കേരളത്തിൽ ഇത്തരമൊരു അവസ്ഥയില്ല. ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ സംസ്ഥാനത്തേക്ക് കടന്നുകയറുന്നുണ്ടെന്നും വിജൂ കൃഷ്ണൻ പറഞ്ഞു. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വത്സന് പനോളി, എസ്.കെ. പ്രീജ ,എം.പ്രകാശന്, പി. ഗോവിന്ദന് എന്നിവർ പ്രസംഗിച്ചു.