ഉളിക്കൽ ഗ്രാമപഞ്ചായത്ത് വീണ്ടും ഒന്നാം സ്ഥാനത്ത്
1541593
Friday, April 11, 2025 12:45 AM IST
ഉളിക്കൽ: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിൽ 11,30,52000 രൂപ ചെലവഴിച്ചുകൊണ്ട് ഉളിക്കൽ ഗ്രാമപഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തി. നാലുവർഷങ്ങളിലായി ഉളിക്കൽ ഗ്രാമപഞ്ചായത്ത് ഒന്നാംസ്ഥാനം നിലനിർത്തുകയാണ്. അവിദഗ്ധ കൂലി ഇനത്തിൽ 6,09,57,000 രൂപയും വിദഗ്ധ -അർദ്ധ വിദഗ്ധ കൂലിയിനത്തിൽ 98,63,000 രൂപയും സാധന ഘടകയിനത്തിൽ 4,22,32,000 രൂപയും പദ്ധതി കാലയളവിൽ പഞ്ചായത്ത് ചെലവഴിച്ചു.
മണ്ണ്-ജല സംരക്ഷണ പ്രവൃത്തികൾ, ഭൂവികസന പ്രവൃത്തികൾ, റോഡ് നിർമാണം, ഡ്രൈനേജ് നിർമാണം, അങ്കണവാടി കെട്ടിട നിർമാണം, തീറ്റപ്പുൽകൃഷി, കാലിതൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, കിണർ തുടങ്ങിയ വ്യക്തിഗത ആസ്തികളുടെ രൂപീകരണം എന്നിവ തൊഴിലുറപ്പ് പദ്ധതിയുടെയാണ് പഞ്ചായത്ത് മികച്ച നേട്ടം നിലനിർത്തുന്നത്. പദ്ധതിക്കു വേണ്ടി പ്രയത്നിച്ച തൊഴിലുറപ്പ് ഓഫീസ് ജീവനക്കാർ, മേറ്റുമാർ, തൊഴിലാളികൾ, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരെ പ്രസിഡന്റ് പി.സി. ഷാജി അഭിനന്ദിച്ചു.