കൃഷി വകുപ്പ് സംഘം നിർമാണം വിലയിരുത്തി
1541291
Thursday, April 10, 2025 12:54 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ ത്രിതല പഞ്ചായത്തുകളും കൃഷി വകുപ്പും ചേർന്ന് നടത്തുന്ന സോളാർ തൂക്കുവേലിയുടെ നിർമാണ പുരോഗതി കൃഷി വകുപ്പിലെ ഉന്നത സംഘം സ്ഥലത്തെത്തി പരിശോധിച്ചു വിലയിരുത്തി. പാലത്തുംകടവ് മുതൽ അയ്യൻകുന്ന് പഞ്ചായത്തിന്റെ അതിർത്തിയായ വാളത്തോട് വരെയുള്ള 20.5 കിലോമീറ്റർ ദൂരത്തിലായി 1.45 കോടി രൂപ ചെലവിലാണ് സോളാർ തൂക്കുവേലി നിർമിക്കുന്നത്.
പാലത്തുംകടവിൽ നിന്നാണ് പ്രവൃത്തി ആരംഭിച്ചിരിക്കുന്നത്. പാലത്തുംകടവ് കരിമലയിൽ വനാതിർത്തിയിൽ രണ്ട് കിലോമീറ്റർ നിർമാണമാണ് പൂർത്തിയായത്. വാണിയപ്പാറതട്ട്, രണ്ടാംകടവ് , ഉരുപ്പുംകുറ്റി എന്നിവിടങ്ങളിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ വേലി നിർമാണത്തിനായി അടിക്കാടുകൾ വെട്ടിത്തെളിച്ചു കഴിഞ്ഞു. ഉളിക്കൽ, പായം, അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളിലാണ് അതിർത്തിയിൽ സോളാർ തൂക്കുവേലി നിർമിക്കുന്നത്.
ഉളിക്കൽ, അയ്യൻകുന്ന് പഞ്ചായത്തുകളിലെ തൂക്കുവേലി നിർമാണത്തിനായി കൃഷിവകുപ്പ് ഇതിനകം 2.18 കോടി രൂപ വനം വകുപ്പിന് കൈമാറിയിട്ടുണ്ട്. ഉളിക്കൽ പഞ്ചായത്തിന്റെ അഞ്ച് കിലോമീറ്ററും അയ്യൻകുന്നിൽ രണ്ട് കിലോമീറ്റർ ദൂരവുമാണ് പ്രവൃത്തി പൂർത്തീകരിച്ച് ചാർജ് ചെയ്തു. മറ്റുള്ള ഭാഗങ്ങളിലെ പ്രവൃത്തി ഇഴയുകയാണ്. പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തിയ ശേഷം ഒരു കോടി രൂപകൂടി കൈമാറുമെന്ന് കൃഷിവകുപ്പ് അധികൃതർ അറിയിച്ചു.
കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ തുളസി ചെങ്ങാട്ട്, ഡെപ്യൂട്ടി ഡയറക്ടർ പദ്ധതി ഇൻ ചാർജ് ബിന്ദു കെ. മാത്യു , അയ്യൻകുന്ന് കൃഷി ഓഫീസർ ഷെറിൻ ജോസ് , ബീറ്റ് ഫോറസ്റ്റ് ഓഫീസർ അമൽ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. സംഘത്തിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐസക് ജോസഫ് പഞ്ചായത്തംഗങ്ങളായ ബിജോയി പ്ലാത്തോട്ടം , സെലീന ബിനോയി , എന്നിവരുമുണ്ടായിരുന്നു.
പ്രവൃത്തി
മന്ദഗതിയിലെന്ന്
പഞ്ചായത്ത്
അതിനിടെ തൂക്കുവേലി നിർമാണം മന്ദഗതിയിലാണെന്ന് ആരോപണം ഉയരുന്നുണ്ട്. ജനകീയ സമിതിയുടെ നേതൃത്വത്തിൽ വനമേഖലയോട് ചേർന്ന അടിക്കാടുകൾ വെട്ടുന്നതുൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നുണ്ടെങ്കിലും നിർമാണ പ്രവൃത്തികൾ അനിശ്ചിതമായി വൈകുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈന്പള്ളിക്കുന്നേൽ ആരോപിച്ചു. അടിക്കാടുകൾ വെട്ടി സൗകര്യമൊരുക്കിയ ഇടങ്ങളിൽ വീടും കാട് വളർന്ന അവസ്ഥയാണ്. മഴ ആരംഭിച്ചാൽ പ്രവൃത്തി അസാധ്യകുകയും ചെയ്യും. ഈ സാഹചര്യത്തിൽ നിർമാണ ചുമതലയുള്ള കെൽ അധികൃതർ പ്രവൃത്തി വേഗത്തിലാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
സഹകരിക്കാതെ
വനംവകുപ്പ്
സോളാർ തൂക്ക് വേലി നിർമാണമവുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് സഹകരണം ഉണ്ടാകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. വനംവകുപ്പ് നിസഹകരണ നിലപാട് തിരുത്തിയില്ലെങ്കിൽ ഡിഎഫ്ഒ ഓഫീസ് ഉപരോധമുൾപ്പടെയുള്ള പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈന്പള്ളിക്കുന്നേൽ പറഞ്ഞു.
വേലി കടന്നു പോകുന്ന ഭാഗത്തെ മരങ്ങൾ മുറിച്ചു നീക്കേണ്ടത് വനംവകുപ്പാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചിട്ടില്ല. വന്യമൃഗാ ക്രമണം രൂക്ഷമായ സാഹചര്യത്തിൽ കർഷകർ കൃഷിയും സ്ഥലവും ഉപേക്ഷിച്ച് പോകുന്ന അവസ്ഥയാണ്. പാലത്തുംകടവു മുതൽ കേരള വനാതിർത്തി വരെ വരുന്ന ഒന്നര കിലോമീറ്റർ വരുന്ന സ്ഥലത്ത് സോളാർ തൂക്ക് വേലി നിർമിക്കാൻ പഞ്ചായത്ത് വിഹിതം വനംവകുപ്പിന്റെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടും ടെൻഡർ നടപടികൾ പോലും ആരംഭിച്ചിട്ടില്ല. പ്രവൃത്തിക്ക് ടെൻഡർ നടപടികൾ പോലും വനം വകുപ്പ് ആരംഭിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ പറഞ്ഞു .