സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പാലവും റോഡും ഉദ്ഘാടനം ചെയ്തു
1541937
Saturday, April 12, 2025 1:49 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്ത് ഉരുപ്പുംകുറ്റിയിൽ ഞെട്ടിത്തോടിനു കുറുകെ ഉരുപ്പുംകുറ്റി-മാഞ്ചോട് റോഡിൽ നിർമിച്ച പാലവും 150 മീറ്റർ റോഡും ഉദ്ഘാടനം ചെയ്തു. റോഡ് അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേലും പാലം എൻഎച്ച്പിസി ഡയറക്ടർ ജിജി ജോസഫും ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം ജോസ് എവണിന്റെ ശ്രമഫലമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ നിന്നും ലഭിച്ച സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണു പ്രവൃത്തി പൂർത്തിയാക്കിയത്. ഹരിയാനയിലെ ഫരീദാബാദ് ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഹൈഡ്രോ പവർ കോർപറേഷനെയാണ് (എൻഎച്ച്പിസി) പഞ്ചായത്തംഗം ജോസ് എവൺ സമീപിച്ചത്. ഡയറക്ടർ മലയാളിയായ ജിജി ജോസഫിന്റെ പൂർണ പിന്തുണ കൂടി ലഭിച്ചതോടെ കമ്പനിയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടിൽ നിന്നു 34.744 ലക്ഷം രൂപ റോഡിനും പാലത്തിനുമായി അനുവദിച്ചു.
ഇതോടെ മഴക്കാലമായാൽ ഒറ്റപ്പെട്ടുപോകുന്ന ഗ്രാമത്തിലെ കുടുംബാംഗങ്ങൾക്കും ആദിവാസികൾക്കും ആശ്വാസമായി പുതിയ പാലം യാഥാർഥ്യമായി. ചടങ്ങിൽ പഞ്ചായത്തംഗം ജോസ് എവൺ അധ്യക്ഷത വഹിച്ചു. ഉരുപ്പുംകുറ്റി ഇടവക വികാരി ഫാ. സുനിൽ തോമസ് കടമ്പന്താനം, വൈസ് പ്രസിഡന്റ് ബീന റോജസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഐസക് ജോസഫ്, സീമ സനോജ്, പഞ്ചായത്തംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, ജോസഫ് വട്ടുകുളം, സിബി വാഴക്കാല, സജി മച്ചിത്താന്നി, പൊതുപ്രവർത്തകരായ പി.ജി. സജീവ്, മനോജ് എം. കണ്ടത്തിൽ, ഇഗ്നേഷ്യസ് കാപ്പിൽ, സലി ജോസഫ്, ബാബു കാരക്കാട്ട്, ബാബു നടയത്ത്, സേവിയർകുട്ടി ഫ്രാൻസിസ്, സജി കല്ലടത്താഴെ, ആന്റോ ജോർജ്, വി.ഡി. ജോൺസൺ എന്നിവർ പ്രസംഗിച്ചു.