ലഹരി വേട്ടയിൽ സർക്കാർ ആത്മാർഥത തെളിയിക്കണം: മദ്യവിരുദ്ധ സമിതി
1541290
Thursday, April 10, 2025 12:54 AM IST
ഇരിട്ടി : ലഹരി വ്യാപനം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾ ആത്മാർഥതയുള്ളതാണെന്ന് തെളിയിക്കണമെന്ന് അതിരൂപത മദ്യവിരുദ്ധസമിതിയുടെയും മുക്തിശ്രീയുടെയും തലശേരി അതിരൂപത എക്സിക്യുട്ടീവ് യോഗം. ശിക്ഷാ നിയമങ്ങളിലെ ലാഘവത്വത്തിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടുന്നത് ഒഴിവാക്കാൻ കഠിന ശിക്ഷ ഉറപ്പാക്കാൻ നിയമ ഭേദഗതി നടപ്പാക്കണമെന്നും വെളിമാനത്ത് ചേർന്ന അതിരൂപത എക്സിക്യുട്ടീവ് യോഗം സർക്കാരിനോടാവശ്യപ്പെട്ടു.
ലഹരി വ്യാപനം തടയാൻ സംഘടിതപ്രവർത്തനങ്ങളും ജാഗ്രതാ സമിതികൾ രൂപീകരിക്കാനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രൂപതയിലെ എല്ലാ ഇടവകകളോടും അനുബന്ധിച്ച വാർഡ് കൂട്ടായ്മകളും സ്കൂളുകളിൽ ബോധവത്കരണ ക്ലാസുകളും ജാഗ്രതാ സമിതികളും രൂപീകരിക്കും. രൂപതാ തലത്തിൽ ഇതിനായി റിസോഴ്സ് ടീമും ഹെൽപ്പ് ഡസ്കും രൂപീകരിച്ചു.
എക്സിക്യുട്ടീവ് യോഗം ഫാ. മാർട്ടിൻ കിഴക്കേതലയ്ക്കൽ ഉദ്ഘാടനം ചെയ്തു. മദ്യവിരുദ്ധ സമിതി അതിരൂപത പ്രസിഡന്റ് ടോമി വെട്ടിക്കാട്ട്, മുക്തിശ്രീ പ്രസിഡന്റ് ഷിനോ പാറയ്ക്കൽ, ആനിമേറ്റർ സിസ്റ്റർ ജോസ് മരിയ സിഎംസി, ജോസ് ചിറ്റേട്ട്, വിൻസെന്റ് മുണ്ടാട്ടുചുണ്ടയിൽ, പൈലി വലിയകണ്ടം, ടി.ഡി. ദേവസ്യ, സോയി ജോസഫ്, സോളി രാമച്ചനാട്ട്, മേരി ആലക്കാമറ്റത്തിൽ എന്നിവർ പ്രസംഗിച്ചു .