കരയും കടലും ആകാശവും വിൽക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ജാഗ്രത വേണം: വി.ഡി. സതീശൻ
1541932
Saturday, April 12, 2025 1:49 AM IST
കണ്ണൂർ: ആഗോള കുത്തകകൾക്ക് രാജ്യത്തിന്റെ കരയും കടലും ആകാശവും തീറെഴുതി നൽകുന്ന കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെ പൊതുസമൂഹം ജാഗ്രത പുലർത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫിന്റെ കടൽ സംരക്ഷണ പ്രഖ്യാപന കൺവൻഷൻ കണ്ണൂർ ഡിസിസി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി പകൽക്കൊള്ളയാണ്. ഇതോടെ മത്സ്യ സമ്പത്ത് നശിക്കും. സമാന രീതിയിൽ ഖനനം നടത്തിയതിനെ തുടർന്ന് ഇന്തോനേഷ്യയിൽ ഒരു ദ്വീപ് തന്നെ ഇല്ലായിരുന്നു. സുനാമി അവിടെ കടുത്ത നാശമാണ് വിതച്ചതെന്ന യാഥാർഥ്യം നമുക്ക് മുന്നിലുണ്ട്. ആശാ വർക്കർമാരുടെ സമരത്തിൽ കോൺഗ്രസും യുഡിഎഫും രാഷ്ട്രീയം കണ്ടിട്ടില്ല. അവരുടെ കഷ്ടപ്പാടും അതിജീവനത്തിനുള്ള ബുദ്ധിമുട്ടുകളും മാത്രമാണ് കണ്ടതെന്നും വി.ഡി. സതീശൻ പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയർ മാൻ പി.ടി. മാത്യു അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി, എംഎൽഎമാരായ മാത്യു കുഴൽനാടൻ, സജീവ് ജോസഫ്, മുൻ മേയർ ടി.ഒ. മോഹനൻ, ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ കെ.വി. ഫിലോമിന, സജീവ് മാറോളി, തോമസ് വക്കത്താനം, യുഡിഎഫ് നേതാക്കളായ സി.എ. അജീർ, ഇല്ലിക്കൽ ആഗസ്തി, അൻസാരി തില്ലങ്കേരി, എം.പി. മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.