അന്താരാഷ്ട്ര ചലച്ചിത്രോത്സവം പയ്യന്നൂരില്‍ മേയ് ആറു മുതല്‍
1541614
Friday, April 11, 2025 1:37 AM IST
പയ്യന്നൂര്‍: ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന പത്താമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം പയ്യന്നൂരില്‍. മേയ് ആറുമുതല്‍ ഒന്പതുവരെ നാല് ദിവസങ്ങളിലായി പയ്യന്നൂര്‍ ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ചലച്ചിത്രകാരന് ആനന്ദ് പട്വര്ധന് നിര്‍വഹിക്കും. ആനന്ദ് പട്വര്‍ധന്റെ ഏറ്റവും പുതിയ ചിത്രമായ "വസുധൈവ കുടുംബക'ത്തിന്റെ മലയാളം പതിപ്പാണ് ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രം. ആനന്ദ് പട്വര്‍ധനും കവി അന്‍വര്‍ അലിയുമായുള്ള സംഭാഷണവും ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കും. അരവിന്ദന്റെ കുമ്മാട്ടി എന്ന ചിത്രത്തിന്റെ 45-ാം വാഷികവുമായി ബന്ധപ്പെട്ട് സി.എസ്. വെങ്കിടേശ്വരന്റെ പ്രഭാഷണവും സിനിമയുടെ റീമാസ്റ്റര്‍ ചെയ്ത പതിപ്പിന്റെ പ്രദര്‍ശനവുമുണ്ട്.
കുമ്മാട്ടിയില്‍ അഭിനയിച്ചവരെ മേളയുടെ ഭാഗമായി ആദരിക്കും. ദിവസവും രാവിലെ ഒന്പതുമുതല് രാത്രി ഒന്പതുവരെ അഞ്ച് സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. സിനിമയുമായി ബന്ധപ്പെട്ട സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഓപ്പണ്‍ ഫോറം, സംവിധായകരുമായുള്ള മുഖാമുഖം എന്നിവയും ഉണ്ടാകും. ഫെസ്റ്റിവലില്‍ പ്രതിനിധിയായി രജിസ്റ്റര്‍ ചെയ്യുന്നതിന് openframe.online വെബ്സൈറ്റിലോ 9446168067, 9447783560 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.