കുരിശിന്റെ വഴിയിൽ വിശ്വാസദാർഢ്യം; ചെറുപുഴയിലെത്തിയത് പതിനായിരങ്ങൾ
1541938
Saturday, April 12, 2025 1:49 AM IST
ചെറുപുഴ: യേശുക്രിസ്തുവിന്റെ പീഢാനുഭവ സ്മരണയിൽ തലശേരി അതിരൂപതാതല നാല്പതാം വെള്ളി തീർഥാടനത്തിന് മലയോരമണ്ണിൽ പതിനായിരങ്ങളുടെ വിശ്വാസദാർഢ്യം. ചെറുപുഴ, മേരിഗിരി, തോമാപുരം ഫൊറോനകളിലെ 40 ഓളം പള്ളികളിൽ നിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ വിശ്വാസ ജനാവലി കുരിശിന്റെ വഴി തീർഥാടനത്തിൽ പങ്കാളികളായി.
സഹനത്തിന്റെ പ്രതീകമായ കുരിശും കൈകളിലേന്തി ശുഭ്രവസ്ത്രധാരികളായി വെള്ളയും മഞ്ഞയും തൊപ്പി ധരിച്ച് കുരിശിന്റെ വഴി ചൊല്ലിയാണ് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിശ്വാസികൾ എത്തിയത്. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരി ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട്, മേരിഗിരി ഫൊറോന വികാരി ഫാ.ജോയി മഠത്തിമ്യാലിൽ, തോമാപുരം ഫൊറോനാ വികാരി ഫാ.മാണി മേൽവെട്ടം എന്നിവർ നേതൃത്വം നൽകി. മുഖ്യാവികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ, വികാരി ജനറാൾമാരായ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, ചാൻസലർ റവ.ഡോ. ബിജു മുട്ടത്തുകുന്നേൽ എന്നിവർ പ്രസംഗിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ വിവിധ കേന്ദ്രങ്ങളിൽ നിന്നാരംഭിച്ച തീർഥാടനം വൈകുന്നേരം ഏഴരയോടെ ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളിക്ക് സമീപത്തെ ഹൈസ്കൂൾ മൈതാനത്ത് സജ്ജമാക്കിയ സെന്റ് മേരീസ് നഗറിൽ സംഗമിച്ചു. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി സന്ദേശം നൽകി. സമാപന പ്രാർഥന, പരിപൂർണ ദണ്ഡവിമോചനം എന്നിവയ്ക്കും ശേഷം കുരിശിനെ ചുംബിച്ച് നേർച്ച കഞ്ഞിയും കഴിച്ചാണ് വിശ്വാസികൾ മടങ്ങിയത്.
മേരിഗിരി ഫൊറോന, തിരുമേനി എന്നിവിടങ്ങളിൽ നിന്നെത്തിയ വിശ്വാസികൾ മഞ്ഞക്കാട് കവലയിൽ സംഗമിച്ചു. തോമാപുരം, പുളിങ്ങോം, ചെറുപുഴ ഭാഗത്ത് നിന്നുള്ളവർ ചെറുപുഴ ബസ് സ്റ്റാൻഡ് പരിസരത്ത് ഒത്തുകൂടി. തുടർന്ന് ചെറുപുഴ ടൗണിലൂടെ കുരിശിന്റെ വഴിയായി സെന്റ് മേരീസ് നഗറിൽ എത്തി. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി വിശ്വാസികൾക്കൊപ്പം തോമാപുരത്തു നിന്ന് സെന്റ് മേരീസ് നഗർ വരെ നടക്കുകയായിരുന്നു.
അരവഞ്ചാൽ, ഉമ്മറപ്പൊയിൽ, പാടിയോട്ടുചാൽ ഭാഗങ്ങളിൽനിന്നുമുള്ള വിശ്വാസികൾ നേരെ സെന്റ് മേരീസ് നഗറിലെത്തിച്ചേർന്നു. കൂറ്റൻ മരക്കുരിശേന്തിയ വിശ്വാസികൾ സഹനത്തിന്റെ പ്രതീകമായി. ചെറുപുഴ ടൗണിൽ വിവിധ സ്ഥാപനങ്ങൾ പീഢാനുഭവത്തിന്റെ നിശ്ചല ദൃശ്യങ്ങൾ ഒരുക്കിയിരുന്നു. സമ്മേളന നഗരിയിലും പീഢനുഭവ ദൃശ്യങ്ങൾ ഒരുക്കിയിരുന്നു. വിവിധ ദേവാലയങ്ങളിൽ നിന്നുമുള്ള വൈദികരും സിസ്റ്റേഴ്സും ഉൾപ്പെടെ ആയിരങ്ങൾ 40-ാം വെള്ളിതീർഥാടനത്തിൽ പങ്കാളികളായി. യേശുദേവന്റെ പീഢാനഭവങ്ങൾ ചിത്രീകരിക്കുന്ന നിശ്ചല ദൃശ്യങ്ങൾ ഏറെ ഹൃദ്യമായിരുന്നു.