രണ്ടു വർഷം മുന്പ് പൊളിച്ചിട്ട വീട്ടിലേക്കുള്ള വഴി ശരിയാക്കി
1541294
Thursday, April 10, 2025 12:54 AM IST
ഇരിട്ടി: കച്ചേരിക്കടവിൽ നിർമാണം നടക്കുന്ന എടൂർ-പാലത്തുംകടവ് കെഎസ്ടിപി റോഡിന്റെ കരാറുകാരന്റെ വാഹനം തടഞ്ഞു. റോഡ് നിർമാണത്തിന്റെ ഭാഗമായി രണ്ടുവർഷം മുന്പ് പൊളിച്ചിട്ട പാലമറ്റത്തിൽ സൈമണിന്റെ വീട്ടിലേക്കുള്ള വഴി ശരിയാക്കി കൊടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു നാട്ടുകാരും പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങളും ചേർന്ന് കരാറുകാരന്റെ വാഹനം തടഞ്ഞത്.
വയസായ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ വാഹനങ്ങൾ കയറ്റാൻ കഴിയാത്തവിധം പൊളിച്ചിട്ട ശേഷം കരാറുകാർ ആരും ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ല. നിരവധി തവണ നാട്ടുകാരും വീട്ടുടമസ്ഥനം ആവശ്യം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വാഹനം തടഞ്ഞതോടെ ജെസിബിയുമായി എത്തിയ കരാറുകാരന്റെ തൊഴിലാളികൾ മണ്ണും കല്ലും മാറ്റി വീട്ടിലേക്ക് കയറുന്ന റോഡിന്റെ പണി ആരംഭിച്ചു. കച്ചേരിക്കടവിൽ പണി പൂർത്തിയാക്കാനുള്ള മൂന്ന് വീടുകളിലേക്കുള്ള റോഡിന്റെ നിർമാണം ശനിയാഴ്ചക്കുള്ളിൽ പൂർത്തിയാക്കാമെന്ന് കരാറുകാരൻ ഉറപ്പ് നൽകിയതോടെയാണ് തടഞ്ഞുവച്ച വാഹനം വിട്ടത്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുകളിലേക്കുള്ള റോഡും ഓവുചാൽ ഉൾപ്പെടെ നിർമിക്കാനുണ്ടെന്നും മഴ ആരംഭിക്കുന്നതിന് മുന്പ് ഇവയെല്ലാം പൂർത്തീകരിച്ചില്ലെങ്കിൽ കരാറുകാരന്റെ മുഴുവൻ വാഹങ്ങളും തടയുമെന്നും നിർമാണം നടത്താൻ അനുവദിക്കില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ പറഞ്ഞു. ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നിരവധി പ്രവർത്തനങ്ങൾ കരാറുകാരന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതായും പ്രശ്നം ഉടൻ പരിഹരിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയർമാൻ ഐസക് ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, സെലീന ബിനോയി, ടോമി ചെരിയംമ്പുറം, ജോൺസൺ ചാലിൽ, ജോസ് മണികൊമ്പേൽ, വിത്സൺ കുറുപ്പംപറമ്പിൽ എന്നിവർ നേതൃത്വം നൽകി.