മാലിന്യ സംസ്കരണത്തിനുള്ള പുരസ്കാരം കണ്ണൂരിന് മന്ത്രി എം.ബി. രാജേഷ് സമ്മാനിച്ചു
1541296
Thursday, April 10, 2025 12:54 AM IST
കണ്ണൂർ: മാലിന്യ സംസ്കരണ രംഗത്ത് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ കണ്ണൂർ ജില്ലയ്ക്കുള്ള പുരസ്കാരം മന്ത്രി എം.ബി രാജേഷ് സമ്മാനിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ദേശീയ ക്ലീൻ കേരള കോൺക്ലേവ് 'വൃത്തി 2025'ന്റെ ഉദ്ഘാടന വേദിയിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റു വാങ്ങി.
ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ വിജയമാണ് കണ്ണൂരിന്റേതെന്ന് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ പറഞ്ഞു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് മികവാർന്ന പ്രവർത്തനങ്ങൾ വർദ്ധിത വീര്യത്തോടെ ഏറ്റെടുക്കേണ്ടതുണ്ട്. കണ്ണൂരിനെ ഹരിത ശുചിത്വ മാതൃകാ ജില്ലയായി വളർത്തിയെടുക്കുന്നതിന് അക്ഷീണം പ്രയത്നിച്ച മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും മിഷനുകൾക്കും വകുപ്പുകൾക്കും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കളക്ടർ നന്ദി രേഖപ്പെടുത്തി.