ആദിവാസി വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു
Monday, April 28, 2025 5:07 AM IST
അഗളി: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വയോധികൻ കൊല്ലപ്പെട്ടു. പുതൂർ പഞ്ചായത്തിലെ സ്വർണഗദ്ദ ഉന്നതിയിലെ കാളി(63)യാണു ദാരുണമായി കൊല്ലപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് സ്വർണഗദ്ദയിൽനിന്ന് ഒന്നര കിലോമീറ്റർ അകലെ അരളികോണത്തിനു സമീപം ചെമ്പുവട്ടക്കാട് പ്രദേശത്താണു സംഭവം. മരുമകൻ വിനോദിനോടൊപ്പം വിറകു ശേഖരിക്കാൻ പോയതായിരുന്നു കാളി. കാട്ടാനക്കൂട്ടത്തിൽ അകപ്പെട്ട കാളിക്ക് ഓടി രക്ഷപ്പെടാനായില്ല. മരുമകൻ കാട്ടിൽനിന്ന് ഇത്രയും ദൂരം ഓടിയെത്തി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പുതൂർ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് ഉദ്യോഗസ്ഥരും ആർആർടി സംഘവും പ്രദേശവാസികളും സ്ഥലത്തെത്തി. ഗുരുതര പരിക്കേറ്റ കാളിയെ മഞ്ചലിൽ കെട്ടിയാണ് കാട്ടിൽനിന്നു പുറത്തു കൊണ്ടുവന്നത്. കാലിനും നെഞ്ചിനും ആനയുടെ ചവിട്ടേറ്റ വയോധികനെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും യാത്രാമധ്യേ വൈകുന്നേരം ആറരയോടെ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: ബേബി. മക്കൾ: ജ്യോതി, മുരുകൻ, മണികണ്ഠൻ. മരുമകൻ: വിനോദ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.