ലൈഫ് വീടുകൾക്കും രക്ഷയില്ല
കെ. ഇന്ദ്രജിത്ത്
Monday, April 28, 2025 5:07 AM IST
തിരുവനന്തപുരം: പാവപ്പെട്ടവർക്കു വീട് നിർമിച്ചു നൽകുന്ന ലൈഫ് ഭവനപദ്ധതിക്കായി വകയിരുത്തിയ 136.89 കോടി രൂപ തിരിച്ചെടുത്ത് സംസ്ഥാന സർക്കാർ. സംസ്ഥാനം നേരിടുന്ന ഗുരുതര സാന്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായിട്ടാണ് ലൈഫ് മിഷന് അനുവദിച്ച 247.36 കോടി രൂപയിൽ 1,36,89,71,254 കോടി രൂപ ധനവകുപ്പ് തിരിച്ചെടുത്തത്.
കഴിഞ്ഞ സാന്പത്തികവർഷം 107.77 കോടി രൂപ മാത്രമാണ് ലൈഫ് ഭവനപദ്ധതിക്കായി സംസ്ഥാന സർക്കാർ ചെലവിട്ടത്. 2024-25 സാന്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ 692 കോടി രൂപ വകയിരുത്തിയ സ്ഥാനത്താണ് വെറും 107.77 കോടി രൂപയുടെ മാത്രം ലൈഫ് ഭവനപദ്ധതികളുടെ നിർമാണം നടന്നത്.
ഒന്നും രണ്ടും സർക്കാരുകൾ സ്വപ്നപദ്ധതിയായി പ്രഖ്യാപിച്ച ലൈഫ് വീടുകളുടെ നിർമാണത്തിനായി പ്രഖ്യാപിച്ച 607 കോടി രൂപയിൽ 247.36 കോടി രൂപ മാത്രമാണ് വകയിരുത്തിയതത്രേ. ഇതിൽനിന്നുള്ള 136.89 കോടി രൂപയാണ് തിരിച്ചെടുക്കുകകൂടി ചെയ്തത്. ഇതോടെ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ലൈഫ് ഭവനപദ്ധതി സ്തംഭനാവസ്ഥയിലാകും.
കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള കേര പദ്ധതിക്ക് ലോകബാങ്ക് അനുവദിച്ച 140 കോടി രൂപ, സംസ്ഥാനം നേരിടുന്ന കടുത്ത സാന്പത്തിക പ്രതിസന്ധിയെത്തുടർന്നു വകമാറ്റിയതിനു പിന്നാലെയാണ് ലൈഫ് ഭവനപദ്ധതിക്ക് അനുവദിച്ച തുകയും ചെലവഴിക്കാതെ ട്രഷറിയിൽ തിരിച്ചെടുത്തത്.
തിരിച്ചെടുത്ത തുകയിൽനിന്ന് ലൈഫ് മിഷൻ സംസ്ഥാന, ജില്ലാ ഓഫിസുകളിലെ ജീവനക്കാരുടെ ശന്പളം, വാഹനവാടക, ഓഫീസ് ചെലവുകൾ എന്നിവയ്ക്കായി രണ്ടുകോടി രൂപ അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ വകുപ്പ്, ധനവകുപ്പിനു കത്തു നൽകി. ഇതേത്തുടർന്ന് ജീവനക്കാരുടെ ഈ മാസത്തെ ശന്പളം അടക്കം മുടങ്ങാതിരിക്കാൻ ധനവകുപ്പ് രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ലൈഫ് മിഷൻ വീടുകളുടെ നിർമാണപ്രവർത്തനങ്ങൾക്കായി അത്യാവശ്യത്തിനു പണം അനുവദിച്ചിരുന്നതായി തദ്ദേശസ്ഥാപന അധികൃതർ പറയുന്നു.
എന്നാൽ, രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയശേഷം ലൈഫ് വീടുകളുടെ നിർമാണത്തിന് ആവശ്യത്തിനു പണം അനുവദിക്കാത്തതിനാൽ പലയിടത്തും ലൈഫ് ഭവനപദ്ധതി പ്രവർത്തനങ്ങൾ സ്തംഭനത്തിലാണെന്നും പറയപ്പെടുന്നു.