മനോജ് ഏബ്രഹാമിന് ഡിജിപി പദവി; ഫയർഫോഴ്സ് മേധാവിയായി നിയമനം
Sunday, April 27, 2025 2:11 AM IST
തിരുവനന്തപുരം: എഡിജിപി മനോജ് ഏബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഫയർ ആൻഡ് റസ്ക്യു സർവീസസ് മേധാവിയായി നിയമിച്ചു. ഏപ്രിൽ 30നു ഡിജിപി പദവിയിലുള്ള ഫയർ ഫോഴ്സ് മേധാവി കെ. പത്മകുമാർ വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
നിലവിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായ മനോജ് ഏബ്രഹാമിനു പകരം മറ്റാർക്കും ചുമതല നൽകിയിട്ടില്ല. ഈ തസ്തിക തത്കാലം ഒഴിവാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
നേരത്തേ ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന എം.ആർ. അജിത് കുമാറിനെതിരേ തൃശൂർ പൂരം കലക്കിയത് അടക്കമുള്ള വിഷയങ്ങളിൽ അന്വേഷണം നടക്കുന്നതിനാൽ ഈ തസ്തികയിലോ ക്രൈംബ്രാഞ്ചിലോ നിയമിക്കുന്നതിന് തടസങ്ങളുണ്ട്.
സർക്കാർ ഉദ്ദേശിക്കുന്ന തരത്തിൽ എഡിജിപിമാരുടെ എണ്ണത്തിൽ കുറവുള്ള സാഹചര്യത്തിലാണ് ഈ തസ്തിക തത്കാലം ഒഴിവാക്കാൻ ആലോചിക്കുന്നത്. എസ്. ശ്രീജിത്ത് (പോലീസ് ആസ്ഥാനം), എച്ച്. വെങ്കടേഷ് (ക്രൈംബ്രാഞ്ച്), ബൽറാംകുമാർ ഉപാധ്യായ (ജയിൽ), പി. വിജയൻ (ഇന്റലിജൻസ്) എന്നിവരാണ് പ്രധാന തസ്തികളിലുള്ള എഡിജിപിമാർ. എക്സൈസ് കമ്മീഷണറായി മഹാപാൽ യാദവുമുണ്ട്. ഇവരെ ആരെയെങ്കിലും മാറ്റി നിയമിച്ചാൽ പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി വേണ്ടിവരും.
ജൂണിൽ സംസ്ഥാന പോലീസ് മേധാവി ഷേയ്ക്ക് ദർബേഷ് സാഹിബ് സ്ഥാനമൊഴിയുന്പോൾ ബറ്റാലിയൻ എഡിജിപി എം.ആർ. അജിത്കുമാറിന് ഡിജിപി പദവി ലഭിക്കും. 23 വർഷം സർവീസ് പൂർത്തിയാക്കിയ ഐജിമാർക്കാണ് എഡിജിപിമാരായി സ്ഥാനക്കയറ്റം നൽകുന്നത്. ഇത്രയും സർവീസുള്ള ഐജിമാരുടെ കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നു.
1994 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് ഏബ്രഹാമിന് 2031 ജൂണ്‍ വരെ സർവീസുണ്ട്. വിജിലൻസ്, ക്രൈംബ്രാഞ്ച്, ഇന്റലിജൻസ്, ബറ്റാലിയൻ, സൈബർ വിഭാഗങ്ങളുടെ മേധാവിയായിരുന്നു. ഡ്രോണ്‍ ഫോറൻസിക് ആൻഡ് റിസർച്ച് ലാബിന്റെ മേധാവിയാണ്. ലഹരിവേട്ടയ്ക്കുള്ള ദൗത്യസംഘത്തിന്റെ തലവനാണ്. 2011ൽ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള മെഡൽ നേടിയിട്ടുണ്ട്.