എൻ.എം. വിജയൻ ജീവനൊടുക്കിയ സംഭവം: കെ. സുധാകരന്റെ മൊഴിയെടുത്തു
Sunday, April 27, 2025 2:12 AM IST
കണ്ണൂർ: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ മൊഴിയെടുത്തു. സുധാകരന്റെ കണ്ണൂരിലെ വീട്ടിലെത്തിയാണ് സുൽത്താൻ ബത്തേരിയിൽ നിന്നുള്ള അന്വേഷണ സംഘം മൊഴിയെടുത്തത്.
നേരത്തേതന്നെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് സുധാകരന് നോട്ടീസ് അയച്ചിരുന്നു.
എൻ.എം. വിജയൻ ആത്മഹത്യ ചെയ്യുന്നതിന് മുന്പ് കെ. സുധാകരന് ഒരു കത്ത് നൽകിയിരുന്നു. എപ്പോഴാണ് കത്ത് എൻ.എം. വിജയൻ നൽകിയതെന്നും ഇതിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നുമുള്ള വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദിച്ചറിഞ്ഞു.
മൊഴിയെടുക്കാൻ മാത്രമാണ് എത്തിയതെന്നും മുന്പ് പറഞ്ഞതൊക്കെത്തന്നെയാണ് ഇന്നും പറഞ്ഞതെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
കെപിസിസി നിയോഗിച്ച കമ്മിറ്റിയും വിജയന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ചെന്നും തനിക്ക് കിട്ടിയ റിപ്പോർട്ടിൽ കുറ്റം ചെയ്തവരും ചെയ്യാത്തവരുമായ നേതാക്കളുടെ പേരുണ്ടെന്നും സുധാകരൻ പറഞ്ഞു. ഈ റിപ്പോർട്ടിൽ പാർട്ടി ആവശ്യമായ നടപടിയെടുക്കുമെന്നും സുധാകരൻ പ്രതികരിച്ചു.