കസ്തൂരിരംഗന്‍ എന്ന കര്‍മയോഗി
Saturday, April 26, 2025 1:42 AM IST
സെബിന് ജോസഫ്
കൊച്ചി നഗരത്തില്‍ കൊതുകുകള്‍ മൂളിപ്പാട്ടും പാടി ആളുകളുടെ ഉറക്കം കെടത്തുന്നു. ഓടകളില്‍ മലിനജലം കെട്ടിക്കിടക്കുന്നതാണ് പ്രശ്നത്തിനു കാരണമെന്ന് വിദഗ്ധര്‍.
എന്നാല്‍, ഓടകളിലെ ഒഴുക്കു തടസപ്പെട്ടതാണ് യഥാർഥ കാരണമെന്ന്, രാജ്യത്തിന്റെ എല്ലാ പ്രശ്നത്തിനും പരിഹാരം കാണുന്ന കസ്തൂരിരംഗന്‍ കണ്ടെത്തി. മന്ത്രി പി.ജെ. ജോസഫിന്റെ പ്രത്യേക അഭ്യർഥനയെത്തുടർന്നാണ് കസ്തൂരിരംഗൻ കൊച്ചിയിലെ കൊതുകിനു പരിഹാരം നിർദേശിച്ചത്.
പശ്ചിമഘട്ടത്തിന് ആഘാതം സംഭവിക്കുന്ന വികസനം അരുതെന്ന് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി കണ്ടെത്തിയപ്പോഴും നിര്‍ബന്ധിത വിദ്യാഭ്യാസം പതിനാല് വയസുവരെയാക്കണമെന്ന് പാര്‍ലമെന്റ് സമിതി തീരുമാനിച്ചപ്പോഴും അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജ്യം കസ്തൂരി രംഗനെയാണ് സമീപിച്ചത്.
കേരളത്തില്‍ വേരുകളുള്ള മുംബൈയില്‍ പഠിച്ചു വളര്‍ന്ന ഐഎസ്ആർഒ ശാസ്ത്രജ്ഞന് എങ്ങനെ ഇത്ര പ്രതിഭാശാലിയായി എന്ന ചോദ്യത്തിന് കര്‍മയോഗം എന്നല്ലാതെ എന്തുത്തരം. 1994 മുതല്‍ 2003 വരെ ഐഎസ്ആർഒ ചെയര്‍മാനായിരുന്ന കസ്തൂരി രംഗന്റെ കാലഘട്ടത്തിലാണ് ചാന്ദ്ര പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നത്. ചന്ദ്രയാന്‍-1, ചന്ദ്രയാന്‍-2, ചന്ദ്രയാന്‍-3 പദ്ധതികളുടെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ചാലക ശക്തി കസ്തൂരിരംഗനായിരുന്നു.
കൊച്ചിയില്‍ ചിറ്റൂര്‍ റോഡ് സമൂഹമഠത്തില്‍ കൃഷ്ണസ്വാമിയുടെയും വിശാലാക്ഷിയുടെയും മകനായി 1940 ഒക്ടോബര്‍ 24നാണ് ജനനം. അഞ്ചാം ക്ലാസ് വരെ കേരളത്തില്‍ പഠിച്ച ഇദ്ദേഹം തുടര്‍പഠനം പിതാവിന്റെ ജോലിസ്ഥലമായ മുംബൈയില്‍ നടത്തി.
ടാറ്റ എയര്‍ലൈന്‍സിലും പിന്നീട് ഇന്ത്യന്‍ എയര്ലൈസിലുമായിരുന്നു പിതാവിന്റെ ജോലി. ഫിസിക്സില്‍ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയ കസ്തൂരി രംഗന് ഇസ്രോയില്‍ ചേര്‍ന്നശേഷം പിഎച്ച്ഡിയും ചെയ്തു. വിക്രം സാരാഭായി അഹമ്മദാബാദില്‍ സ്ഥാപിച്ച ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ ജോലി ചെയ്യവേയായിരുന്നു ആ നേട്ടം.
വിദൂരഗ്രഹങ്ങളിലേക്ക് പര്യവേക്ഷണം നടത്തണമെന്ന ഇസ്രോയുടെ മോഹങ്ങള്‍ക്ക് ചിറക് പകര്‍ന്നതും കസ്തൂരി രംഗനായിരുന്നു. ഇസ്രോ ചെയര്‍മാനായിരുന്ന കാലഘട്ടത്തില്‍ കോണ്‍ഗ്രസ്, സഖ്യ, ബിജെപി സര്‍ക്കാരുകളെ ബഹിരാകാശ മോഹത്തിലേക്ക് ഇറക്കിയതും ഇദ്ദേഹമായിരുന്നു. 2003 മുതല്‍ 2009 വരെ രാജ്യസഭാ എംപിയായിരുന്നു. പ്ലാനിംഗ് കമ്മീഷന് അംഗം, സാറ്റലൈറ്റ് കേന്ദ്രം ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവർത്തിച്ചു.
പരിസ്ഥിതി ലോല മേഖലകളില്‍ ഒരു തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനവും പാടില്ല എന്ന മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനു ബദലായാണ് രാജ്യം കസ്തൂരിരംഗന്റെ പേര് ശ്രദ്ധിക്കുന്നത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകളിലെ 64 ശതമാനം പ്രദേശങ്ങളിലും നിര്‍മാണം പാടില്ല എന്നായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ട്.
ഇതിനു ബദലായി കസ്തൂരി രംഗന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ലോല പ്രദേശം നിര്‍ണയിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ചു. 37 ശതമാനം പ്രദേശം പരിസ്ഥിതി ലോലത്തിന്റെ പേരില്‍ പെടുത്തി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും കേരളവും പശ്ചിമഘട്ടം കടന്നുപോകുന്ന സംസ്ഥാനങ്ങളും അംഗീകരിച്ചില്ല.
ആറു മുതല്‍ പതിനാല് വയസുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസം നല്‍കുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിക്കു പിന്നിലും കസ്തൂരിരംഗനായിരുന്നു. 2009 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പദ്ധതിക്ക് നയരൂപരേഖ തയാറാക്കിയതും ഇദ്ദേഹമായിരുന്നു.
പിഎസ്എല്‍വി റോക്കറ്റ് വിക്ഷേപണത്തില്‍നിന്ന് ഇസ്രോയെ ജിഎസ്എല്വിയിലേക്ക് മാറ്റിയതിനു പിന്നിലും കസ്തൂരി രംഗന്റെ ദീര്‍ഘവീക്ഷണമുണ്ടായിരുന്നു. ഇന്‍സാറ്റ് ദൗത്യത്തിലൂടെ കാലാവസ്ഥാ പ്രവചനത്തില്‍ നാം മുന്നിട്ടുനിന്നതും ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്.
കൊതുകുശല്യം മുതല്‍ പശ്ചിമഘട്ട സംരക്ഷണം വരെ രാജ്യം ആശ്രയിച്ചിരുന്നത് കേരളീയനായ കസ്തൂരിരംഗനെയായിരുന്നു എന്നതും കൗതുകം.