ക്രൈസ്തവ ജീവനക്കാരെ അവഹേളിച്ച് സർക്കുലർ; വിദ്യാഭ്യാസ വകുപ്പിലെ നാല് ജീവനക്കാർക്ക് സസ്പെൻഷൻ
Friday, April 25, 2025 2:33 AM IST
തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികളായ ജീവനക്കാർ വരുമാന നികുതി അടയ്ക്കാതെ നിയമലംഘനം നടത്തുന്നുവെന്നു കാണിച്ച് നല്കിയ അടിസ്ഥാനമില്ലാത്ത പരാതിയിൽ അന്വേഷണം നടത്തണമെന്ന വിവാദ സർക്കുലറുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിലെ നാലു ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഇതു സംബന്ധിച്ച വാർത്ത ദീപിക ഇന്നലെ പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ജീവനക്കാരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങിയത്.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പി.കെ. മനോജ്, ജൂണിയർ സൂപ്രണ്ട് അപ്സര, മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗീതാകുമാരി, അരിക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധികചുമതല വഹിച്ചിരുന്ന സീനിയർ സൂപ്രണ്ട് എ.കെ. ഷാഹിന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
ക്രിസ്തുമത വിശ്വാസികളായ ജീവനക്കാർ ഇൻകംടാക്സ് അടയ്ക്കുന്നില്ലെന്ന അടിസ്ഥാനമില്ലാത്ത പരാതിയിൽ അന്വേഷണം നടത്താൻ കഴിഞ്ഞ ഫെബ്രുവരി 13ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കുകയായിരുന്നു.
കോഴിക്കോട് സ്വദേശിയായ കെ. അബ്ദുൾ കലാം എന്ന വ്യക്തി നല്കിയ പരാതിയിൽ എന്തെങ്കിലും വസ്തുത ഉണ്ടോ എന്നുപോലും പരിശോധന നടത്താതെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്ന് സർക്കുലർ ഇറക്കിയത്.
ഇതു സംബന്ധിച്ച് ദീപിക വാർത്ത പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് ഫെബ്രുവരി 20ന് സർക്കുലർ മരവിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുതുക്കിയ സർക്കുലർ ഇറക്കി. എന്നാൽ, ആ സർക്കുലർ നിലനില്ക്കെയാണ് രണ്ടു മാസത്തിനു ശേഷം ഈ മാസം 22ന് വീണ്ടും മലപ്പുറം അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പേരിൽ പുതിയ സർക്കുലർ ഇറക്കിയത്.
സ്കൂളുകളിൽ സർക്കാർ ശന്പളം കൈപ്പറ്റുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാർ ഉണ്ടെങ്കിൽ റിപ്പോർട്ട് ആക്കി രണ്ട് ദിവസത്തിനുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ലഭ്യമാക്കേണ്ടതാണെന്നാണ് പുതിയ സർക്കുലറിൽ പറഞ്ഞിരുന്നത്.
സർക്കാർ, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂൾ പ്രിൻസിപ്പൽമാർക്ക് അയച്ച ഈ സർക്കുലർ സംബന്ധിച്ച് ദീപിക ഇന്നലെ വീണ്ടും വാർത്ത പ്രസിദ്ധീകരിച്ചു. ഇതിനു പിന്നാലെയാണ് ഇന്നലെ വൈകുന്നേരത്തോടെ നാലു ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ നിർദേശിച്ച് ഉത്തരവ് ഇറങ്ങിയത്.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് ഉൾപ്പെടെ വ്യക്തമായ വീഴ്ചയുണ്ടായ സംഭവത്തിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ളവർക്കെതിരേ മാത്രം നടപടി സ്വീകരിച്ച് തലയൂരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം.
ഫെബ്രുവരി 13, 20 തീയതികളിൽ ഇറക്കിയ സർക്കുലറിലെ നിർദേശങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾ അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ സർക്കാർ ചുമതലപ്പെടുത്തി.
ഡിജിപിക്ക് പരാതി നൽകും
തിരുവനന്തപുരം: സമൂഹത്തിൽ മതസ്പർധ വളർത്തുന്ന തരത്തിൽ വിദ്യാഭ്യാസവകുപ്പിൽ പരാതി നല്കിയ കെ. അബ്ദുൾ കലാം എന്ന ആൾക്കെതിരേ ഡിജിപിക്ക് പരാതി നല്കാൻ നിർദേശം.
ഇതു സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്കി. അടിസ്ഥാനമില്ലാത്ത പരാതിയുമായി രംഗത്തെത്തിയതിനാണ് ഇയാൾക്കെതിരേ ഡിജിപിക്ക് പരാതി നല്കാൻ നിർദേശിച്ചത്.