കോളജിലെ തര്‍ക്കം പുറത്തേക്ക്; സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു
Monday, April 28, 2025 5:07 AM IST
കോഴിക്കോട്: കോളജിലെ കാര്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായി ക്ഷേത്രോത്സവത്തിനെത്തിയ യുവാവിനെ സംഘം ചേര്‍ന്നു മര്‍ദിച്ചു കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അച്ഛനും മകനും ഉള്‍പ്പെടെ 10 പ്രതികള്‍ അറസ്റ്റില്‍.
മായനാട് സ്വദേശിയായ സൂരജാണ് (20) കൊല്ലപ്പെട്ടത്. ചേവായൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ പാലക്കോട്ട് വയല്‍ തിരുത്തിക്കാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച അര്‍ധരാത്രി യുവാക്കള്‍ ചേരിതിരിഞ്ഞുണ്ടായ സംഘട്ടനത്തിലാണ് സൂരജ് മരിച്ചത്.
പാലക്കോട്ടുവയല്‍ സ്വദേശി മനോജ് (49), ഇയാളുടെ മക്കളായ അജയ് മനോജ് (20), വിജയ് മനോജ് (19) എന്നിവര്‍ക്കു പുറമെ അനന്തുകൃഷ്ണ (20), അശ്വിന് ശങ്കര്‍ (18), യദുകൃഷ്ണ (20), അഭിശാന്ത് (21), അഭിജയ് കൃഷ്ണ (21), നിഹല്‍ (20) എന്നിവരെയാണ് ചേവായൂര്‍ ഇന്‍സ്പെക്ടര്‍ സജീവ്, സബ് ഇന്‍സ്പെക്ടര്‍മാരായ നിവിന്‍ കെ. ദിവാകരന്, മിജോ, റഷീദ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിനു മുന്‍പാകെ ഹാജരാക്കി.
ചെത്തുകടവ് എസ്എന്‍എസ്ഇ കോളജിലുണ്ടായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് തുടര്സംഘര്ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കോളജിലെ കാര്‍ പാര്‍ക്കിംഗിനെ ചൊല്ലി കോളജില്‍ ഉണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ സൂരജ് തന്റെ സുഹൃത്ത് അശ്വന്തിനു വേണ്ടി ഇടപെട്ടിരുന്നു. അശ്വന്തിനെ മര്‍ദിക്കുന്നത് തടഞ്ഞ സൂരജിനോട് മറുഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു.
കോളജിലെ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ബന്ധുക്കളെയും സുഹൃത്തുക്കളെയും സംഘടിപ്പിച്ച് ഉത്സവ പ്പറമ്പില്വച്ച് ഇരുവിഭാഗവും ഏറ്റുമുട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സൂരജിനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കുടുംബക്കാരും ഇടപെട്ടുവെന്നാണ് മനസിലാക്കുന്നതെന്ന് മെഡിക്കല്‍ കോളജ് എസിപി ഉമേഷ് പറഞ്ഞു. സൂരജിന്റെ കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.