കെ.എം. ഏബ്രഹാം തുടരുന്നത് അപമാനകരം: വി.ഡി. സതീശന്
Monday, April 28, 2025 5:07 AM IST
കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണം നേരിടുന്ന കെ.എം. ഏബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടരുന്നത് സംസ്ഥാനത്തിന് അപമാനകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ചീഫ് സെക്രട്ടറി പദവി ഉള്‍പ്പെടെ വഹിച്ചിട്ടുള്ള കെ. എം. ഏബ്രഹാം രാജിവച്ച് പുറത്തുപോകാന്‍ തയാറാകണം. അതിനു തയാറായില്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണം. ലാവ്ലിന് കേസില്‍ സാക്ഷിയായതുകൊണ്ടാണോ ഏബ്രഹാമിനെ മുഖ്യമന്ത്രി ഭയപ്പെടുന്നതെന്നും സതീശന് ചോദിച്ചു.
പാചകത്തൊഴിലാളികള്‍ ഉള്‍പ്പെടെ ആര്‍ക്കും പണം നല്കാന് സാധിക്കാത്ത അവസ്ഥയിലാണ് സംസ്ഥാനസര്‍ക്കാര്‍. എന്നിട്ടാണ് നൂറു കോടിയിലധികം തുക മുടക്കി വാര്‍ഷികം ആഘോഷിക്കുന്നത്.
2016ല്‍ 1.67 ലക്ഷം കോടിയായിരുന്ന കടം പത്തു വര്‍ഷം പിന്നിട്ടപ്പോൾ ആറു ലക്ഷം കോടിയായി വര്‍ധിച്ചു. അഞ്ചു പൈസ കൈയിലില്ലാത്ത സര്‍ക്കാരാണ് വാര്‍ഷികം ആഘോഷിച്ച് ആര്‍ഭാടം കാണിക്കുന്നത്. ഈ ആര്‍ഭാടം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. ഒരുകാലത്തും നടന്നിട്ടില്ലാത്ത തരത്തിലുള്ള പിന്‍വാതില്‍ നിയമനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്.
“നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന അന്നുതന്നെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥി ഉണ്ടോയെന്നു സിപിഎം നേതാക്കളോട് മാധ്യമങ്ങള്‍ ചോദിക്കണം.
ബിജെപി അധ്യക്ഷന്‍ കേരള രാഷ്ട്രീയത്തെക്കുറിച്ച് അറിയില്ല. ബിജെപി അധ്യക്ഷന്‍ മുണ്ട് ഉടുത്താലും മടക്കിക്കുത്തിയാലും അതഴിച്ചു തലയില്‍ കെട്ടിയാലും ഞങ്ങള്‍ക്കു കുഴപ്പമില്ല. അദ്ദേഹത്തെ പഴയ ബിജെപിക്കാര്‍ തെറി പറയുന്നുണ്ട്. അതിന് അദ്ദേഹം തിരിച്ചു തെറി പറഞ്ഞോട്ടെ.
ഞങ്ങളെ വിരട്ടാന്‍ വരേണ്ട. കേരളത്തെക്കുറിച്ചോ കേരള രാഷ്ട്രീയത്തെക്കുറിച്ചോ അദ്ദേഹത്തിന് അറിയില്ല. പിന്‍വാതിലിലൂടെയാണ് അദ്ദേഹം രാജ്യസഭാംഗമായത്.
മലയാളത്തില്‍ തെറി പറയാന്‍ അറിയാമെന്നു പറയുന്നയാള്‍ കേന്ദ്രമന്ത്രി ആയിരുന്നപ്പോള്‍ സംസ്ഥാനത്തിനുവേണ്ടി എന്തു ചെയ്തു”- പത്രസമ്മേളനത്തില്‍ സതീശന് പ്രതികരിച്ചു.