ലഹരിവിപത്തിനെതിരായ സന്ദേശം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും: മുഖ്യമന്ത്രി
Saturday, April 26, 2025 1:42 AM IST
തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ ലഹരിവിപത്തിനെതിരായ സന്ദേശം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രതിവാര ടെലിവിഷൻ സംവാദപരിപാടിയായ ‘നാം മുന്നോട്ടി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനാവശ്യമായ പാഠ്യപദ്ധതി പരിഷ്കരണവും അധ്യാപക പരിശീലനവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കാവശ്യമായ തയാറെടുപ്പുകൾ വേനലവധിക്കാലത്ത് നടത്തും.
രാസലഹരിയുടെ ദൂഷ്യഫലങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തൽ, അധ്യാപകർക്ക് കൗൺസലിംഗ് പരിശീലനം, കുട്ടികൾക്ക് കായികപരിശീലനത്തിന് അധികസമയം, രക്ഷിതാക്കൾക്ക് ബോധവത്കരണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷം ഏറ്റെടുക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലഹരിക്ക് അടിമപ്പെട്ട് ഗുരുതര മാനസിക പ്രശ്നങ്ങളുണ്ടാകുന്നവരെ ചികിത്സിക്കാനുള്ള ഒരു കേന്ദ്രം മാത്രമാണ് നിലവിൽ സർക്കാരിന് കീഴിലുള്ളത്. ഇത്തരം കേന്ദ്രങ്ങൾ എല്ലാ ജില്ലയിലും ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.