കോടികളുടെ തട്ടിപ്പ്: കരാട്ട് കുറീസ് ഉടമകൾ ക്രൈംബ്രാഞ്ചിന്റെ പിടിയിൽ
Monday, April 28, 2025 5:06 AM IST
നിലന്പൂർ: കോടികളുടെ തട്ടിപ്പ് നടത്തിയ കരാട്ട് കുറീസ് ഉടമകളെ പിടികൂടി പാലക്കാട് ക്രൈംബ്രാഞ്ച്. അഞ്ച് മാസത്തിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന നിലന്പൂർ എടക്കര ഉണ്ണി, ചന്തം കിഴക്കേതിൽ സന്തോഷ്, എടക്കര കുളിമുണ്ട വീട്ടിൽ മുബഷീർ എന്നിവരാണ് എറണാകുളത്തുനിന്നു പാലക്കാട് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.
ലാഭം വാഗ്ദാനം നൽകി നിക്ഷേപകരിൽനിന്ന് പണം വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽനിന്നായി ആയിരക്കണക്കിന് ആളുകളിൽനിന്നായാണ് കോടികൾ തട്ടിയെടുത്തത്. മേൽപ്പറഞ്ഞ ജില്ലകളിൽ പ്രവർത്തിച്ചിരുന്ന കാരാട്ട് കുറീസ് ഓഫീസുകൾ കേന്ദ്രീകരിച്ചും നിലന്പൂരിലെ ധനക്ഷേമ നിധി ലിമിറ്റഡ് കേന്ദ്രീകരിച്ചുമാണു തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ നവംബർ 19ന് മുന്നറിയിപ്പില്ലാതെ ഓഫീസുകളും പൂട്ടി പണവും ഓഫീസുകളിലുണ്ടായിരുന്ന കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ള രേഖകളുമായി ഇവർ മുങ്ങുകയായിരുന്നു.
പണം നിക്ഷേപിച്ചവരും ജീവനക്കാരുമാണു തട്ടിപ്പിനിരയായത്. 10,000 രൂപ മുതൽ 25 ലക്ഷം വരെ നഷ്ടമായവരുമുണ്ട്. നിലന്പൂർ പോലീസ് സ്റ്റേഷനിൽ മാത്രം ആയിരത്തോളം പരാതികൾ ലഭിച്ചിരുന്നു. കന്പനി ഫോർമാനും ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശിയുമായ ശ്രീജിത്തിനെ നേരത്തേ പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ചാണ് നിലവിൽ കേസ് അന്വേഷിച്ചുവരുന്നത്.
പിടിയിലായ സന്തോഷ് ആണ് കന്പനിയുടെ മാനേജിംഗ് ഡയറക്ടർ. പരാതിക്കാർ അതത് പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നെങ്കിലും പോലീസിനു പ്രതികളെ പിടികൂടാൻ കഴിയാതിരുന്നതിനെത്തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. നിലന്പൂർ പോലീസ് സ്റ്റേഷനിലേക്ക് തട്ടിപ്പിനിരയായവർ മാർച്ചും നടത്തിയിരുന്നു. പാലക്കാട് ജില്ലയിൽ മാത്രം രണ്ട് കോടിയുടെ തട്ടിപ്പാണ് നടത്തിയത്. വിവിധ ജില്ലകളിലായി 70 കോടിയിലേറെയാണ് ഇവർ തട്ടിയെടുത്തത്.