നിലപാടു കടുപ്പിച്ച് കെജിഎംഒഎ; ഹജ്ജ് ഡ്യൂട്ടി ബഹിഷ്കരിക്കും
Sunday, April 27, 2025 2:11 AM IST
കൊച്ചി: നാഷണല്‍ ഹെല്‍ത്ത് മിഷന് പ്രോഗ്രാം എറണാകുളം ജില്ലാ മാനേജര്‍ ഡോ. ശിവപ്രസാദിനെതിരേ നടപടിയെടുക്കാത്ത അധികൃതര്‍ക്കെതിരേ നിലപാടു കടുപ്പിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെജിഎംഒഎ). ഹജ്ജ് വാക്സിനേഷന് ഉള്‍പ്പെടെയുള്ള ഹജ്ജ് ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് കെജിഎംഒഎ എറണാകുളം ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
വാക്സിനേഷന് നടത്താതെ തീര്‍ഥാടകര്‍ക്ക് ഹജ്ജിനു പോകാന്‍ കഴിയില്ല. ഡോക്ടര്‍മാര്‍ നല്കിയ പരാതിയിൽ മുഖം തിരിക്കുന്ന സമീപനം ഇനിയും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. ടി. സുധാകര്‍, സെക്രട്ടറി ഡോ. കാര്‍ത്തിക് ബാലചന്ദ്രന് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
വനിതാ ഡോക്ടര്‍മാരോടുള്ള ഡോ. ശിവപ്രസാദിന്റെ അവഹേളനപരമായ പെരുമാറ്റവും സമൂഹമാധ്യമങ്ങള്‍ വഴി അവരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രചാരണവും അതിരു കടന്നതിനെത്തുടര്‍ന്ന് നല്കിയ പരാതിയില്‍ നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് മാര്‍ച്ച് ഏഴുമുതല്‍ കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ആശുപത്രിയിലെ രോഗീപരിചരണമൊഴികെയുള്ള യാതൊരുവിധ അധികച്ചുമതലകളും ഏറ്റെടുക്കാതെ പൂര്‍ണ നിസഹകരണത്തിലാണ്.
ഡോ. ശിവപ്രസാദിനെ ഡിപിഎം സ്ഥാനത്തുനിന്ന് മാറ്റുന്നതുവരെ കെജിഎംഒഎയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ യാതൊരുവിധ അധികച്ചുമതലകളും സ്വീകരിക്കില്ലെന്നും ജില്ലാ ഭാരവാഹികള്‍ വ്യക്തമാക്കി.