ആറാട്ടണ്ണൻ അറസ്റ്റില്‍
Saturday, April 26, 2025 1:42 AM IST
കൊച്ചി: മലയാള സിനിമാ നടിമാര്‍ക്കെതിരേ സമൂഹമാധ്യമങ്ങളിലൂടെ മോശം പരാമര്‍ശം നടത്തിയ കേസില്‍ കളമശേരി സ്വദേശിയായ വ്ലോഗര്‍ സന്തോഷ് മാത്യു വര്‍ക്കി (ആറാട്ടണ്ണന്- 38) അറസ്റ്റില്‍. താരസംഘടനയായ ‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റി അംഗവും നടിയുമായ അന്‍സിബ ഹസന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്കിയ പരാതിയിലാണ് അറസ്റ്റ്.
സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ട് പ്രകാരവും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി എറണാകുളം നോര്‍ത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രിയാണ് ഫേസ്ബുക്കിലൂടെ സന്തോഷ് നടിമാർക്കെതിരേ പരാര്‍മശങ്ങള്‍ നടത്തിയത്. സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു പരാമര്‍ശം.
ഈ വീഡിയോ സന്തോഷ് നീക്കം ചെയ്തെങ്കിലും വ്യാപകമായി പ്രചരിച്ചു. ഇതു താരസംഘടനയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണു അന്‍സിബ ഹസന് പരാതി നല്‍കിയത്. മറ്റു രണ്ട് നടിമാരും പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ടെന്നാണു വിവരം.