കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ കൊന്നു ഭക്ഷിക്കാൻ അനുവദിക്കണം: മന്ത്രി പ്രസാദ്
Sunday, April 27, 2025 2:11 AM IST
കോട്ടയം: കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ കൊന്നു ഭക്ഷിക്കാൻ കർഷകരെ അനുവദിക്കണമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ജനവാസമേഖലയിലെത്തി ആളുകളെ ആക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന വന്യമൃഗങ്ങളെ തുരത്താൻ കർഷകരെ അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ ആവശ്യമായ നിയമഭേദഗതി കേന്ദ്രസർക്കാർ കൊണ്ടുവരണം. ദീപിക കേന്ദ്ര ഓഫീസിൽ നടന്ന ഫ്രാൻസിസ് മാർപാപ്പ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രി പത്രാധിപസമിതി അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു.
തങ്ങളുടെ ഉത്പന്നങ്ങൾക്ക് വില നിശ്ചയിക്കാനാകാത്ത ഏക വിഭാഗം ഉത്പാദകരാണ് കർഷകർ. സ്വന്തം ഉത്പന്നങ്ങൾക്കുമേൽ അവർക്ക് യാതൊരു അധികാരവുമില്ല. ഈ ദുരവസ്ഥയാണ് കാർഷികമേഖലയുടെ തകർച്ചയ്ക്കു മുഖ്യകാരണം. ഇതിനു മാറ്റം വരുത്താനുള്ള പരിശ്രമത്തിലാണ് കൃഷിവകുപ്പ്.
കർഷകർ കേവലം ഉത്പാദകരായി മാത്രം ഒതുങ്ങാതെ തങ്ങളുടെ ഉത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാർക്കറ്റിലെത്തിക്കുന്ന സംരംഭകരാകണം. ഇതിനായി കൃഷിക്കൂട്ടങ്ങൾ രൂപീകരിക്കുകയാണ് പരിഹാരം. കൃഷിവകുപ്പ് ഇതിനുള്ള ധനസഹായവും പ്രോത്സാഹനവും നൽകും. സംസ്ഥാനത്ത് 25,000 കൃഷിക്കൂട്ടങ്ങളാണ് രൂപീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനാവശ്യമായ യന്ത്രങ്ങളും മൂലധനവും കൃഷിക്കൂട്ടങ്ങളിലൂടെ ലഭ്യമാക്കും. ഇത്തരം ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനാവശ്യമായ വിപണി കണ്ടെത്തുന്നതിനും കൃഷിവകുപ്പിന്റെ സഹായമുണ്ടാകും. കുട്ടനാട്ടിലെ നെൽകർഷകർക്കടക്കം ഇത്തരത്തിൽ കൃഷി ലാഭകരമാക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.