ബിജെപി ഗവർണർമാരെ മുഖ്യമന്ത്രി അത്താഴ വിരുന്നിന് ക്ഷണിച്ചെന്ന ആരോപണം രാഷ്ട്രീയ വിവാദത്തിലേക്ക്
സ്വന്തം ലേഖകൻ
Monday, April 28, 2025 5:06 AM IST
തിരുവനന്തപുരം: മലയാളികൾ അടക്കമുള്ള മൂന്നു ബിജെപി-ആർഎസ്എസ് ഗവർണർമാരെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ അത്താഴ വിരുന്നിനു ക്ഷണിച്ചതും ഇവർ പിൻമാറിയെന്നുമുള്ള ആരോപണം രാഷ്ട്രീയ വിവാദത്തിലേക്ക്.
ബിജെപിയുടെയും ആർഎസ്എസിന്റെയും രാഷ്ട്രീയ നിലപാടുകൾക്കും ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർമാരുടെ നടപടികൾക്കെതിരേ സിപിഎം പൊതു സമൂഹത്തിൽ രാഷ്ട്രീയ പോര് സൃഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗവർണർമാരെ മുഖ്യമന്ത്രി അത്താഴ വിരുന്നിനു ക്ഷണിച്ചെന്ന ആരോപണമുയരുന്നത്.
കേരള ഗവർണർ ആർ.വി. ആർലേക്കർ, ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് എന്നിവരെ ഇന്നു ക്ലിഫ് ഹൗസിൽ അത്താഴ വിരുന്നിനു ക്ഷണിച്ചെന്നാണ് ആരോപണം. എന്നാൽ, രാഷ്ട്രീയ ആരോപണം ഭയന്ന് ഗവർണർമാർ മുഖ്യമന്ത്രിയുടെ വിരുന്നിന് എത്തില്ലെന്നു നേരത്തേ അറിയിച്ചെന്നാണു വിവരം.
ഗവർണർമാരെ അത്താഴ വിരുന്നിനു ക്ഷണിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി സിപിഎം-ബിജെപി അന്തർധാരയാണു തുറന്നു കാട്ടുന്നതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പ് ബിജെപിയുമായുള്ള ബാന്ധവം ഉറപ്പിക്കുന്നതിനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. അതിന്റെ ഭാഗമായാണ് ഡൽഹിയിൽ നിർമ്മല സീതാരാമനും കേരള ഗവർണർക്കും ബ്രേക്ക് ഫാസ്റ്റ് നൽകിയത്. അതിനു പിന്നാലെയാണ് ഇപ്പോൾ ഡിന്നർ പരിപാടി പ്ലാൻ ചെയ്തത്. മേയ് ആദ്യവാരം ഡൽഹിയിൽ ഉച്ചയൂണ് കൂടി ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ബ്രേക്ക് ഫാസ്റ്റ്-ലഞ്ച്-ഡിന്നർ പരിപാടികൾ സംഘടിപ്പിച്ച് ബിജെപിയുമായുള്ള ബാന്ധവം ശക്തമാക്കാനുള്ള ശ്രമമാണ് പിണറായി വിജയൻ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കേരളത്തിലേയും ഗോവ, ബംഗാൾ ഗവർണർമാരേയും അസാധാരണ വിരുന്നിനു വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കേരളത്തിൽ ബിജെപി-സിപിഎം അന്തർധാര ശക്തമാക്കാനാണെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ഗവർണർമാരെ മുഖ്യമന്ത്രി ഡിന്നറിനു ക്ഷണിച്ചെന്ന ആരോപണം രാഷ്ട്രീയ വിവാദമായിട്ടും നിഷേധിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസോ രാജ്ഭവനുകളോ തയാറായില്ല. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസ് നിർണായക ഘട്ടത്തിലെത്തി നിൽക്കേ ഗവർണർമാരെ ഡിന്നറിനു ക്ഷണിച്ച സംഭവം മറ്റു ചില വ്യാഖ്യാനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.
അതേസമയം,ഇന്നലെ ഗോവയിൽ തന്നെയുണ്ടായിരുന്നെന്നും ചില മലയാളി കലാകാരൻമാരുടെ പരിപാടിയിൽ പങ്കെടുത്തിരുന്നതായും ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ചികിത്സയുടെ ഭാഗമാണെന്നാണു വിവരം.