ആദ്യ കോടതിശിക്ഷ നാട്ടിലെ റോഡിനുവേണ്ടി
Sunday, April 27, 2025 2:12 AM IST
ഇ. അനീഷ്
കോഴിക്കോട്: റോഡപകടങ്ങളില്‍പ്പെട്ട് മരിക്കുന്നവരെക്കുറിച്ചോര്ക്കുമ്പോള്..എങ്ങിനെ പ്രതികരിക്കാതിരിക്കും. എന്ത് ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നാലും മാറി നില്‍ക്കാനാകില്ല... എം.ജി.എസ്. നാരായണന്റെ വാക്കുകളാണിത്. ആദ്യമായി കോടതിയില്‍നിന്ന് ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നതും ഇത്തരമൊരു സമരമുഖത്ത് എത്തിയതിനായിരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുളള മാനാഞ്ചിറ-വെളളിമാടുകുന്ന് റോഡിന്റെ നവീകരണം അനന്തമായി നീളുന്നതില്‍ പ്രതിഷേധിച്ചാണ് മലാപ്പറമ്പില്‍ ദേശീയ പാത ഉപരോധിച്ച് എം.ജി.എസ് സമരം നടത്തിയത്.
റോഡ് ഉപരോധിച്ച് സമരം നടത്തിയതിന് എം.ജി.എസ്. നാരായണന് അടക്കം 12 പേര്‍ക്ക് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി 1,300 രൂപയാണ് പിഴ ശിക്ഷ വിധിച്ചത്. 2019 ജുലൈ 29നായിരുന്നു സമരം.
റോഡ് ഉപരോധിച്ചുളള പഴഞ്ചന്‍ സമരരീതി പൊതുജനത്തെ വലയ്ക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചപ്പോള്‍ വേറെ എന്ത് മാര്‍ഗമെന്നായിരുന്നു എംജിഎസ് ചോദിച്ചത്. വിധി അംഗീകരിച്ച എം.ജി.എസും മറ്റ് 11 പേരും പിഴ അടച്ചു.
ആദ്യമായാണ് എം.ജി.എസിന് കോടതിയില്‍നിന്ന് ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. വിധി മാനിക്കുന്നുവെന്നും പ്രതിഷേധത്തില്‍നിന്ന് പിന്നോട്ടില്ലെന്നും എംജിഎസ് അന്ന് പ്രതികരിച്ചു.
ഇപ്പോഴും ആ റോഡും എം.ജി.എസിന്റെ വാക്കുകളും അതുപോലെതന്നെ കിടക്കുന്നു.