നെടുമ്പാശേരിയിൽ വൻ കഞ്ചാവ് വേട്ട
Sunday, April 27, 2025 2:12 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി റാസൽഖൈമയിലേക്കു കടത്താൻ ശ്രമിച്ച അഞ്ചരക്കോടി രൂപ വിലവരുന്ന 5.5 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.
ഇൻഡിഗോ വിമാനത്തിൽ റാസൽഖൈമയിലേക്കു പോകാനെത്തിയ മലപ്പുറം സ്വദേശിയായ ഷിബു എന്ന യാത്രക്കാരനാണു പിടിയിലായത്.
കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മയക്കുമരുന്ന് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്.
കസ്റ്റംസ് കൊച്ചിൻ പ്രിവന്റീവ് കമ്മീഷണറേറ്റിലെ (സിസിപി) ഹൈ പെർഫോമൻസ് യൂണിറ്റ് (എച്ച്പിയു) ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്. വിവിധ പായ്ക്കറ്റുകളിലാക്കി ഭക്ഷണപ്പൊതികൾക്കിടയിൽ ബാഗേജിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
വിദേശത്തേക്കു കടത്താൻ ശ്രമിക്കുന്നതിനിടെ നെടുമ്പാശേരിയിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത് ഇതാദ്യമാണ്. വിദേശത്തുനിന്ന് കൊണ്ടുവരുന്ന ഹൈബ്രിഡ് കഞ്ചാവ് പലപ്പോഴായി പിടികൂടിയിട്ടുണ്ടെങ്കിലും വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ ഇത്ര വലിയ അളവിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത് ആദ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.