തൊമ്മൻകുത്ത് സംഭവം ; ചീഫ് വൈൽഡ് ലൈഫ് വാർഡനെ മാറ്റിനിർത്തണമെന്ന് കർഷക സംഘടനകൾ
Saturday, April 26, 2025 12:38 AM IST
തൊടുപുഴ: കർഷകരുടെ പട്ടയ-കൈവശഭൂമികൾ വനഭൂമിയാക്കി മാറ്റാനുള്ള വനംവകുപ്പിന്റെ രഹസ്യ അജൻഡകൾക്ക് നേതൃത്വം നൽകുന്ന ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണനെ തത്സ്ഥാനത്തുനിന്നു മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന് വിവിധ കർഷകസംഘടന നേതാക്കൾ ആവശ്യപ്പെട്ടു.
വനംവകുപ്പ് അതിക്രമം നടത്തിയ നാരങ്ങാനം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് ഈ ആവശ്യം ഇവർ ഉന്നയിച്ചത്.
വനം, റവന്യു, നിയമ വകുപ്പുകളുടെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വീഴ്ചകളും സംസ്ഥാന വന നിയമം കാലോചിതമായ പരിഷ്കരിക്കാൻ ആവശ്യമായ നിർദേശങ്ങൾ ക്രോഡീകരിക്കുന്നതിനു ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകളുടെ ഒരു പാനലിനെ നിയോഗിക്കുമെന്നും കർഷക സംഘടനാ നേതൃത്വം അറിയിച്ചു.
ദേശീയതലത്തിൽ പ്രവർത്തിക്കുന്ന നൂറിലധികം കർഷക സംഘടനകളെ പ്രതിനിധീകരിച്ച് ഡൽഹി കർഷക സമരത്തിന്റെ കോ-ഓർഡിനേറ്റർ അഡ്വ. കെ.വി. ബിജു, പശ്ചിമഘട്ട പഠനകേന്ദ്രം ചെയർമാൻ ജയിംസ് വടക്കൻ, സെന്റർ ഫോർ കൻസ്യൂമർ എഡ്യൂക്കേഷൻ ചെയർമാൻ ഡിജോ കാപ്പൻ, അതിജീവന പോരാട്ട വേദി ചെയർമാൻ റസാക്ക് ചൂരവേലിൽ, വി-ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ ചെയർമാൻ ജോയ് കണ്ണൻചിറ, ഫാർമേഴ്സ് അവയർനസ് ആൻഡ് റിവൈവൽ മൂവ്മെന്റ് സെക്രട്ടറി സിജുമോൻ ഫ്രാൻസിസ്, രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ്, ഫാർമേഴ്സ് വെൽഫെയർ ഫൗണ്ടേഷൻ സെക്രട്ടറി സുജി മാസ്റ്റർ, സുപ്രീംകോടതി നിയമിച്ച അന്തർസംസ്ഥാന നദീതർക്ക പരിഹാര സെൽ അംഗമായ റോജർ എന്നിവരാണ് തൊമ്മൻകുത്ത് സന്ദർശിച്ചത്.