അയല്‍വാസികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കുത്തേറ്റു മരിച്ചു, പ്രതി പിടിയില്‍
Monday, April 28, 2025 5:07 AM IST
പാലാ: അയല്‍വാസികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനും സംഘര്‍ഷത്തിനുമിടയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. വള്ളിച്ചിറയില്‍ വ്യാപാരിയായ വലിയകാലായില്‍ വി.ജെ. ബേബി (65) ആണ് മരിച്ചത്. ഹോട്ടലില്‍ ചായ കുടിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് അയല്‍വാസി ആരംകുഴക്കല്‍ എ.എല്‍. ഫിലിപ്പോസ് (ബേബി-65) ആണ് പിടിയിലായത്. ഇരുവരും സഹപാഠികളാണ്. ഇന്നലെ രാവിലെ ആറിന് വള്ളിച്ചിറ ചെറുകരയിലെ സെന്റ് മേരീസ് ഹോട്ടലിലാണ് സംഭവമുണ്ടായത്.
ഫിലിപ്പോസിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ ആറുമാസമായി മറ്റൊരാള്‍ക്ക് ദിവസവാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇവിടെ ചായ കുടിക്കാന്‍ എത്തിയതായിരുന്നു ഇരുവരും. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു.
പരസ്പര ജാമ്യത്തില്‍ സഹകരണ ബാങ്കില്‍നിന്നും വായ്പ എടുത്തിരുന്നു. ഫിലിപ്പോസിന്റെ ജാമ്യത്തില്‍ ബേബി സഹകരണ ബാങ്കില്‍നിന്ന് എടുത്ത വായ്പയുടെ തവണ മുടങ്ങിയിരുന്നു. ഇതുമൂലം ഫിലിപ്പോസിന് ചിട്ടിത്തുക പിന്‍വലിക്കുവാന്‍ സാധിച്ചില്ല. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ മുമ്പും തര്‍ക്കമുണ്ടായിരുന്നു.
ശനിയാഴ്ച വൈകുന്നേരം ബേബിയുടെ പലചരക്കു കടയില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും കൈയേറ്റവുമുണ്ടായി. ഞായറാഴ്ച രാവിലെയും ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
ഇതിനിടയില്‍ ബേബിക്ക് കുത്തേല്‍ക്കുകയായിരുന്നു. നെഞ്ചില്‍ കുത്തേറ്റ ബേബി സംഭവസ്ഥലത്ത് മരിച്ചു. ഫിലിപ്പോസ് ഓടി രക്ഷപ്പെട്ടു. പിന്നീട് പോലീസില്‍ കീഴടങ്ങുകയായിരുന്നു. മരിച്ച ബേബിയുടെ ഭാര്യ മേരിക്കുട്ടി പാളയം ചന്ദ്രത്തില് കുടുംബാഗം. മക്കള്‍: ടോജിന്‍, ടെസില്‍. മരുമകന്: ജോജി പുന്നത്താനത്ത്. സംസ്കാരം ഇന്ന് 11 ന് വള്ളിച്ചിറ പൈങ്ങളം സെന്റ് മേരീസ് പള്ളിയില്‍.