പിണറായിയെ സൂര്യനോട് ഉപമിച്ച് കെ.കെ. രാഗേഷിന്റെ കുറിപ്പ്
സ്വന്തം ലേഖകൻ
Monday, April 28, 2025 5:06 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദം ഒഴിഞ്ഞ കെ.കെ. രാഗേഷിനെ കർണനോട് ഉപമിച്ച് ‘മഹാത്ഭുത’മാക്കിയ ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യർക്കു പിന്നാലെ മുഖ്യമന്ത്രിയെ സൂര്യനായി സങ്കൽപിച്ചു പുകഴ്ത്തി കെ.കെ. രാഗേഷ്.
സഹജീവികൾക്കു വേണ്ടി സ്വയംകത്തിയെരിയുന്ന സൂര്യനായി മുഖ്യമന്ത്രി പിണറായി വിജയനെന്ന പരാമർശത്തോടെയാണ് പിണറായി സ്തുതി കെ.കെ. രാഗേഷ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതല വെടിഞ്ഞു കണ്ണൂരിലേക്കു പോകുന്പോൾ സഹപ്രവർത്തകർ പങ്കുവച്ച അഭിപ്രായം ചിലർ ദുഷ്ടലാക്കോടെ വിവാദമാക്കിയ ദിവ്യ എസ്. അയ്യരുടെ അഭിപ്രായം പേരെടുത്തു പറയാതെ ഓർമിപ്പിച്ചു കൊണ്ടാണ് കെ.കെ. രാഗേഷിന്റെ പിണറായി വിജയനെ സ്തുതിക്കുന്ന ഫേസ് ബുക്ക് കുറിപ്പു തുടങ്ങുന്നത്.
നാലുവർഷത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തനത്തെപ്പറ്റി കുറച്ചധികം പറയാനുണ്ട്. മുഖ്യമന്ത്രിയുടെ കീഴിൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കാൻ കഴിഞ്ഞത് രാഷ്ട്രീയ ജീവിതത്തിലെ അനുഭവസന്പന്നമായ കാലഘട്ടമായി കാണുന്നു. ഭരണകർത്താവിന്റെ അടിയുറച്ച നീതിബോധം എങ്ങനെയൊക്കെയാണ് സമൂഹത്തെ മാറ്റിമറിക്കുന്നതെന്ന് അപ്പോൾ ഞാൻ കാണാൻ തുടങ്ങിയിരുന്നു. നൂറുകണക്കിനു നിവേദനങ്ങളാണ് ഓരോ ദിവസവും മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിരുന്നത്. തനിക്ക് ലഭിക്കുന്ന നിവേദനങ്ങൾ ഒറ്റവരിപോലും വിട്ടുപോകാതെ മുഖ്യമന്ത്രി വായിക്കും, അതിൽ എന്തുനടപടിയെടുക്കണമെന്ന വിശദമായ കുറിപ്പ് ഞങ്ങൾക്കു തരും.
തന്നോടു സംസാരിക്കാനെത്തുന്ന ഓരോരുത്തരുടെയും വാക്കുകൾ സസൂക്ഷ്മം കേൾക്കുകയും അതിന്റെ അന്തഃസത്ത ഉൾക്കൊണ്ട് കുറിപ്പെഴുതി നടപടിയെടുക്കാൻ ഞങ്ങളെ ഏൽപിക്കുകയും ചെയ്യും. ഒരു പ്രഫഷണൽ എങ്ങനെയാണ് കാര്യങ്ങൾ പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതിന്റെ വലിയ മാതൃകയാണ് അവിടെ കണ്ടത്. താരതമ്യേന ചെറുപ്പമായ ഞങ്ങളെപ്പോലുള്ളവരൊക്കെ ആ സ്പീഡിനൊപ്പം ഓടിയെത്താനാവാതെ കിതച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ യോഗങ്ങളിൽ ഉയരുന്ന അഭിപ്രായം സൂക്ഷ്മതയോടെ കേട്ട് അവധാനതയോടെ വിലയിരുത്തി അന്തിമ തീരുമാനത്തിൽ എത്തുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്.
ഒരു ഭരണാധികാരിയുടെ കീഴിൽ കേരളം വിപ്ലവാത്മകമായി മാറിയെങ്കിൽ അതിനുള്ള കാരണം ഇതൊക്കെയാണ്. ആ പാഠപുസ്തകം മറിച്ചുനോക്കാൻ കഴിഞ്ഞതിൽ തനിക്കും അഭിമാനമുണ്ടെന്നും കുറിപ്പിൽ പറയുന്നു.