ഓപ്പറേഷൻ ഡി ഹണ്ട്: 125 പേരെ അറസ്റ്റ് ചെയ്തു
Monday, April 28, 2025 5:06 AM IST
തിരുവനന്തപുരം: ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷൽ ഡ്രൈവിൽ വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 123 കേസുകൾ രജിസ്റ്റർ ചെയ്തു. 125 പേരെ അറസ്റ്റ് ചെയ്തു. 123 കേസുകളിലായി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (321 ഗ്രാം), കഞ്ചാവ് (25.178 കിലോഗ്രാം), കഞ്ചാവ് ബീഡി (73 എണ്ണം) എന്നിവ പോലീസ് പിടിച്ചെടുത്തു.
മയക്കു മരുന്നിനെതിരേയുള്ള നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംസ്ഥാന തലത്തിൽ ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും എൻഡിപിഎസ് കോ-ഓർഡിനേഷൻ സെല്ലും റേഞ്ച് അടിസ്ഥാനത്തിൽ ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും പോലീസുമായി ചേർന്നാണ് പരിശോധനകൾ നടത്തുന്നത്.