കേന്ദ്ര ഏജൻസികൾക്കെതിരേയുള്ള ജുഡീഷൽ അന്വേഷണ കമ്മീഷന് കൂടുതൽ തുക അനുവദിച്ച് സർക്കാർ
Saturday, April 26, 2025 12:38 AM IST
തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്തിൽ അടക്കം കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണത്തിന് എതിരേ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷൽ കമ്മീഷന്റെ പ്രവർത്തനത്തിനു കൂടുതൽ തുക അനുവദിച്ച് സർക്കാർ.
കേന്ദ്ര അന്വേഷണ ഏജൻസികൾ അധികാര പരിധി ലംഘിക്കുന്നുണ്ടോയെന്നു കണ്ടെത്താൻ സംസ്ഥാനം നാലു വർഷം മുൻപു നിയമിച്ച ജസ്റ്റീസ് (റിട്ട.) വി.കെ. മോഹനൻ കമ്മീഷന് അധിക ഫണ്ട് ഇനത്തിൽ 19.49 ലക്ഷം രൂപ കൂടി കഴിഞ്ഞ ദിവസം അനുവദിച്ചു.
കഴിഞ്ഞ നാലു വർഷത്തിനിടെ ജസ്റ്റീസ് വി.കെ. മോഹനൻ കമ്മീഷൻ കാര്യമായ റിപ്പോർട്ടുകളൊന്നും സമർപ്പിച്ചിട്ടില്ല. എന്നാൽ, ഇതുവരെ കമ്മീഷൻ പ്രവർത്തനത്തിനായി ഖജനാവിൽ നിന്നു കോടികളാണു ചെലവഴിച്ചത്. സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾക്കെതിരേ സംസ്ഥാന സർക്കാർ അന്വേഷണത്തിനൊരുങ്ങിയത് രാജ്യത്ത് അസാധാരണ സംഭവമായിരുന്നു.
നയതന്ത്ര സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), കസ്റ്റംസ് എന്നിവയുടെ അന്വേഷണത്തിൽ മുഖ്യമന്ത്രിയെ പ്രതിചേർക്കാൻ ശ്രമമുണ്ടായെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ പുറത്തു വന്നിരുന്നു. അന്നത്തെ സംസ്ഥാന മന്ത്രിമാർ, സ്പീക്കർ എന്നിവരെ പ്രതി ചേർക്കാൻ ശ്രമമുണ്ടായെന്ന മറ്റൊരു പ്രതി സന്ദീപ് നായരുടെ വെളിപ്പെടുത്തലുമുണ്ടായി.
ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. രണ്ടു കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു. നിയമ യുദ്ധത്തിനൊടുവിൽ 2021 ഏപ്രിൽ 16ന് ക്രൈംബ്രാഞ്ചിന്റെ രണ്ട് എഫ്ഐആറും ഹൈക്കോടതി റദ്ദാക്കി. തുടർന്നാണ് 2021 മേയ് ഏഴിന് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.കെ. മോഹനനെ ജുഡീഷൽ അന്വേഷണ കമ്മീഷനായി നിയോഗിച്ചത്.