തിരുവനന്തപുരം വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും ബോംബ് ഭീഷണി
സ്വന്തം ലേഖകൻ
Monday, April 28, 2025 5:06 AM IST
തിരുവനന്തപുരം: ഇന്നലത്തെ പകൽ തലസ്ഥാന നഗരത്തെ മുൾമുനയിലാക്കി രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലും ഉച്ചകഴിഞ്ഞു സെൻട്രൽ റെയിൽവേ സ്റ്റേഷനിലും ബോംബ് ഭീഷണി സന്ദേശം. മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ഒടുവിൽ രണ്ടു സന്ദേശങ്ങളിലും പറഞ്ഞത് വ്യാജമാണെന്നു കണ്ടെത്തി.
എയർപോർട്ട് മാനേജറുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. പഹൽഗാം ഭീകരാക്രമണം അടക്കം രാജ്യത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന സന്ദേശം ശ്രദ്ധയിൽപ്പെട്ട ഉടൻ സുരക്ഷാ ഏജൻസികൾക്കു കൈമാറി. തുടർന്നു വ്യാപക പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിമാനത്താവള പരിശോധന ഏതാണ്ടു പൂർത്തിയാക്കി വരവേയാണ് തന്പാനൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശമെത്തിയത്. ഇവിടെയും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജില്ലകളിലെ കളക്ടറേറ്റുകളിലും ഒട്ടേറെ ഹോട്ടലുകളിലും ഭീഷണി സന്ദേശമെത്തിയിരുന്നു. ഇവിടെയും പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ സന്ദേശമാണെന്നാണ് പോലീസ് വിലയിരുത്തൽ. എന്നാൽ, ഇ-മെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ പോലീസിനു കഴിയാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇ-മെയിൽ വിലാസമുണ്ടാക്കിയത് ഡാർക്ക് വെബിൽനിന്നാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
വ്യാജ ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട് ഇതുവരെ 10 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ, കൂടുതൽ കേസുകളും തിരുവനന്തപുരത്താണ്. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യവും ഇതുവരെ അംഗീകരിച്ചിട്ടില്ല. കളക്ടറുടെ പേരിൽ ഇ-മെയിൽ ഐഡിയുണ്ടാക്കി കളക്ടർക്ക് തന്നെ മെയിൽ അയച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
സർവീസ് പ്രൊവൈഡർമാരോടു വിവരം തേടിയതായി കമ്മീഷണർ
തിരുവനന്തപുരം: നിരന്തരം വ്യാജ ബോംബ് ഭീഷണി സന്ദേശം ഇ-മെയിലായി എത്തുന്ന സാഹചര്യത്തിൽ സർവീസ് പ്രൊവൈഡർമാരോടു ഇതു സംബന്ധിച്ച വിവരം തേടിയതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസണ് ജോസ് "ദീപിക'യോടു പറഞ്ഞു. ഓരോ ഭീഷണി സന്ദേശത്തിലും ഓരോ ഇ-മെയിൽ ഐഡി ക്രിയേറ്റ് ചെയ്താണ് അയയ്ക്കുന്നത്.
എന്നാൽ, എല്ലാ സന്ദേശങ്ങളിലെയും ഭാഷ ഒരേ തരമാണ്. ഒരു സംഘം തന്നെയാകും സന്ദേശം അയയ്ക്കുന്നതെന്നാണു പോലീസ് നിഗമനം. സർവീസ് പ്രൊവൈഡർമാരിൽനിന്നു കൃത്യമായ വിവരം ലഭിച്ചാൽ പോലീസിന് ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണവുമായി മുന്നോട്ടു പോകാൻ കഴിയുമെന്നും കമ്മീഷണർ പറഞ്ഞു.