പുഴയിൽ വീണ സഹോദരിയെ രക്ഷിക്കുന്നതിനിടെ കോളജ് വിദ്യാർഥിനി മുങ്ങി മരിച്ചു
Sunday, April 27, 2025 2:11 AM IST
പെരുന്പാവൂർ: കാൽവഴുതി പുഴയിൽ വീണ സഹോദരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വിദ്യാർഥിനി മുങ്ങി മരിച്ചു. മൗലൂദ്പുര പുളിക്കക്കുടി ഷാജിയുടെ മകൾ ഫാത്തിമ ഷെറിൻ (19) ആണ് മരിച്ചത്. കാൽ വഴുതി വീണ ഇളയ സഹോദരി ഫർഹത്തിനെ സമീപത്തുണ്ടായിരുന്നയാൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 6.30ഓടെ മുടിക്കൽ ഡിപ്പോ കടവിലായിരുന്നു സംഭവം. ഇരുവരും ദിവസവും നടക്കാനിറങ്ങുക പതിവായിരുന്നു. ഇന്നലെ രാവിലെ നടക്കാനിറങ്ങുകയും ഡിപ്പോയിലെത്തിയപ്പോൾ സമീപത്തെ പാറയിൽനിന്ന് ഫോട്ടോ എടുക്കുന്നതിനിടെ ഫർഹത്ത് കാൽ വഴുതി പുഴയിലേക്ക് വീഴുകയുമായിരുന്നു. ഉടന്‍ ഫർഹത്തിനെ രക്ഷിക്കാനായി ഷെറിൻ പുഴയിലേക്ക് ഇറങ്ങിയെങ്കിലും രണ്ടുപേരും ഒഴുക്കിൽപ്പെട്ടു.
സമീപത്ത് ചൂണ്ടയിട്ടുകൊണ്ടിരുന്നയാൾ ബഹളം കേട്ട് ഓടിയെത്തി ഫർഹത്തിനെ കരയ്ക്കെത്തിച്ചെങ്കിലും ഷെറിനെ രക്ഷപ്പെടുത്താനായില്ല. തുടർന്ന് പെരുന്പാവൂരിൽനിന്നുള്ള അഗ്നിരക്ഷാ സേനയും കോതമംഗലത്തു നിന്നെത്തിയ സ്കൂബ ടീമും ചേർന്നു നടത്തിയ തെരച്ചിലിലാണ് ഷെറിന്റെ മൃതദേഹം കണ്ടെത്തിയത്.
പെരുന്പാവൂർ മാർത്തോമ്മ കോളജിലെ ബിരുദ വിദ്യാർഥിനിയായിരുന്നു ഷെറിൻ.