പഹല്‍ഗാം ഫേസ്ബുക്ക് പോസ്റ്റ്: ലീഗ് നേതാവിനെതിരേ കേസെടുത്തു
Saturday, April 26, 2025 1:42 AM IST
കാഞ്ഞങ്ങാട്: പഹല്‍ഗാമിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിട്ട മുസ്ലിംലീഗ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗവും കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റുമായ ബഷീര്‍ വെള്ളിക്കോത്തിനെതിരേ കേസെടുത്തു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എസ്.പി. ഷാജി നല്കിയ പരാതിയിലാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
രാഷ്ട്രീയ താത്പര്യങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്ന അരുംകൊലയാണിതെന്നും മതം അന്വേഷിച്ചാണ് ഈ ആക്രമണം നടത്തിയതെന്ന് പറയുന്നിടത്തുതന്നെ നിഗൂഢത മണക്കുന്നുണ്ടെന്നും അക്രമം നടത്തിയത് മുസ്ലിം നാമധാരികളാണെങ്കില്‍ അവര്‍ തീർച്ചയായും ഇതുകൊണ്ട് നേട്ടമുണ്ടാക്കുന്ന രാഷ്ട്രീയ താത്പര്യത്തിന്റെ കൂലിക്കാരാകാനാണ് സാധ്യതയെന്നും പോസ്റ്റില്‍ പറയുന്നു.
ബിഎന്‍എസ് 192 (കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കുക) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.