എന്‍. രാമചന്ദ്രന് ഔദ്യോഗിക ബഹുമതികളോടെ വിട
Saturday, April 26, 2025 1:42 AM IST
കൊച്ചി: കാഷ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന് (35) കണ്ണീർപ്രണാമം. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന പൊതുദര്‍ശനത്തിനുശേഷം മങ്ങാട്ട് റോഡിലെ നീരാഞ്ജനം വീട്ടിലെത്തിച്ച മൃതദേഹത്തില്‍ രാഷ്ട്രീയ-സാംസ്കാരിക മേഖലകളില്‍ നിന്നടക്കം നൂറുകണക്കിന് ആളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ഉച്ചയ്ക്ക് 12.40ന് പൊതുദര്‍ശനം അവസാനിപ്പിച്ച് വീട്ടില്‍നിന്നു മൃതദേഹം ഇടപ്പള്ളിയിലെ ശാന്തി സദനം ശ്മശാനത്തിലേക്ക് എടുത്തപ്പോള്‍ ഭാര്യ ഷീല, മക്കളായ ആരതി, അരവിന്ദ് എന്നിവര്‍ക്കു സങ്കടം അടക്കാനായില്ല. വിങ്ങിപ്പൊട്ടിയ ഇവരെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കൾ പാടുപെട്ടു.
വിലാപയാത്രയായി ശ്മശാനത്തിലെത്തിച്ച മൃതദേഹം ഉച്ചയ്ക്ക് 1.30ന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് അടക്കം ചെയ്തത്. മകന് അരവിന്ദ് മേനോന് അന്ത്യകര്‍മങ്ങള്‍ ചെയ്തു. അരവിന്ദും ആരതിയും ചേര്‍ന്നാണു ചിതയ്ക്ക് തീകൊളുത്തിയത്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേര് ശ്മശാനത്തിലും എത്തിയിരുന്നു.
സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍നിന്ന് ഇന്നലെ രാവിലെ 7.15 നാണു മൃതദേഹം പൊതുദര്‍ശനത്തിനായി ചങ്ങമ്പുഴ പാര്‍ക്കില്‍ എത്തിച്ചത്. മൃതദേഹം എത്തിക്കുന്നതിനുമുമ്പേ വിവിധയിടങ്ങളില്‍ നിന്നായി ആളുകള്‍ രാമചന്ദ്രനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഇവിടെ തടിച്ചുകൂടിയിരുന്നു.
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി പി. രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന് തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിച്ചു.
തിങ്കളാഴ്ച ഹൈദരാബാദ് വഴി കാഷ്മീരിലേക്കു പോയ രാമചന്ദ്രനും കുടുംബവും ചൊവ്വാഴ്ചയാണു പഹല്‍ഗാമിലെത്തിയത്. ഇവിടെവച്ച് ഭീകരരുടെ ആക്രമണത്തിന് ഇരയാകുകയായിരുന്നു. മകള്‍ ആരതിയുടെ കണ്മുന്നിലാണ് രാമചന്ദ്രനെ വെടിവച്ചുകൊന്നത്. സംഭവസമയത്ത് ആരതിയുടെ ഇരട്ടക്കുട്ടികളും രാമചന്ദ്രന്റെ ഭാര്യ ഷീലയും സ്ഥലത്തുണ്ടായിരുന്നു. ആരതിക്കു നേരേ ഭീകരര്‍ തോക്ക് ചൂണ്ടിയെങ്കിലും വെറുതേ വിടുകയായിരുന്നു.
അന്തിമോപചാരം അര്‍പ്പിച്ച് പ്രമുഖർ
കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന് അന്തിമോപചാരം അര്‍പ്പിച്ച് നാടിന്റെ നാനാതുറകളില്‍നിന്നുള്ളവര്‍. ചങ്ങമ്പുഴ പാര്‍ക്കിലും തുടര്‍ന്നു വീട്ടിലും നടന്ന പൊതുദര്ശനത്തില് രാഷ്ട്രീയ- സാംസ്കാരിക മേഖലകളില്‍നിന്നായി നിരവധി ആളുകള്‍ ഒഴുകിയെത്തി.
മന്ത്രിമാരായ എ.കെ. ശശീന്ദ്രന്, റോഷി അഗസ്റ്റിന്, മാത്യൂസ് മാര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത, ബെന്നി ബെഹനാന് എംപി, എംഎല്‍എമാരായ കെ.എന്‍. ഉണ്ണിക്കൃഷ്ണന്, കെ.ജെ. മാക്സി, മോന്‍സ് ജോസഫ്, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജസ്റ്റീസ് ദേവന് രാമചന്ദ്രന്, സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജസ്റ്റീസ് കെമാല്‍ പാഷ, നടന് ജയസൂര്യ, ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള, മുന്‍ എംപി ജോയ്സ് ജോര്‍ജ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം തുടങ്ങിയവർ അന്ത്യാഞ്ജലി അര്‍പ്പിച്ചു.